നെയ്റോബി
പടിഞ്ഞാറൻ കെനിയയിലുണ്ടായ വാഹനാപകടത്തിൽ 51 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ നെയ്റോബിയിൽനിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരത്തിൽ റിഫ്റ്റ് വാലി പട്ടണമായ ലോണ്ടിയാനിക്ക് സമീപം നിയന്ത്രണംവിട്ട ട്രക്ക് നിരവധി വാഹനങ്ങളിലേക്കും പിന്നീട് ആൾക്കൂട്ടത്തിനിടയിലേക്കും ഇടിച്ചുകയറുകയായിരുന്നു.
പ്രധാന ഹൈവേയിൽനിന്നു തെന്നിമാറിയ ട്രക്കാണ് അപകടത്തിനു കാരണമായത്. ചന്തയിലുണ്ടായിരുന്ന വ്യാപാരികളിലേക്കും കാൽനടയാത്രക്കാരിലേക്കുമാണ് ട്രക്ക് ഇടിച്ചു കയറിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് 51 മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.