മനാമ
സ്വീഡനിൽ ഖുർആൻ പകർപ്പ് കത്തിച്ചതിൽ അറബ് മേഖലയിൽ പ്രതിഷേധം ശക്തം. ഇക്കാര്യം ചർച്ചചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ––ഓപ്പറേഷൻ (ഒഐസി) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര യോഗം ഞായറാഴ്ച ജിദ്ദയിൽ ചേരും. നിലവിൽ ഒഐസി പ്രസിഡന്റ് സ്ഥാനമുള്ള സൗദിയാണ് യോഗം വിളിച്ചത്.
ഇറാഖിൽനിന്നുള്ള അഭയാർഥിയായ സൽവാൻ മോമിക (37)യാണ് ഈദുൽ അദ്ഹ ദിനത്തിൽ സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ പള്ളിക്കു മുന്നിൽ ഖുർആനെ അവഹേളിച്ച് പേജുകൾ കത്തിച്ചത്. സംഭവത്തെ അറബ് രാജ്യങ്ങൾ അപലപിച്ചു.
ജോർദാനും മൊറോക്കോയും സ്വീഡനിലെ അംബാസഡറെ തിരിച്ചുവിളിച്ചു. കുവൈത്ത്, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങൾ സ്വീഡന്റെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സ്വീഡനെതിരെ ഇറാഖിലും ഇറാനിലും പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാർ ഇറാഖിലെ സ്വീഡിഷ് എംബസിയിലേക്ക് ഇരച്ചു കയറി.