ബംഗളൂരു
സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ–-കുവൈത്ത് ഫൈനൽ. ഷൂട്ടൗട്ടിൽ ലെബനനെ 4–-2ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്. നിശ്ചിതസമയവും അധികസമയവും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. ഷൂട്ടൗട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി, അൻവർ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവർ ഇന്ത്യക്കായി ലക്ഷ്യംകണ്ടു. ലെബനന്റെ ഹസ്സൻ മാതൗക്കിന്റെ കിക്ക് ഗോൾകീപ്പർ ഗുർപ്രീത്സിങ് സന്ധു രക്ഷപ്പെടുത്തി. നാലാംകിക്ക് ഖലീൽ ബാദെർ പുറത്തേക്കടിച്ചു. ചൊവ്വാഴ്ചയാണ് കിരീടപ്പോരാട്ടം. ടൂർണമെന്റിൽ എട്ടുതവണ ജേതാക്കളാണ് ഇന്ത്യ.
ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ലെബനനായിരുന്നു ആദ്യ നിമിഷങ്ങളിൽ കളിയുടെ നിയന്ത്രണം. ഇന്ത്യൻ പ്രതിരോധത്തെ മറികടന്ന് പലപ്പോഴും ഗോൾമുഖത്ത് ഇരമ്പിയാർത്തു അവർ. കാവൽക്കാരൻ ഗുർപ്രീത്സിങ് സന്ധുവായിരുന്നു ഇന്ത്യയുടെ രക്ഷകൻ. സസ്പെൻഷനിലായ സന്ദേശ് ജിങ്കന്റെ അഭാവം ബാധിച്ചെങ്കിലും പതിയെ അൻവർ അലിയും മെഹ്താബ് സിങ്ങും നയിച്ച പ്രതിരോധം ഊർജം വീണ്ടെടുത്തു. 16–-ാംമിനിറ്റിലാണ് ഇന്ത്യക്ക് ആദ്യ അവസരം ലഭിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ നീക്കം. മധ്യത്തിൽനിന്ന് ഛേത്രി പന്ത് ജീക്സൺ സിങ്ങിന് കൈമാറി. ഗോളിമാത്രം മുന്നിൽനിൽക്കേ പന്ത് ജീക്സൺ സഹൽ അബ്ദുൾ സമദിന് നൽകി. മലയാളിതാരത്തിന്റെ ഉന്നംതെറ്റി. രണ്ടാംപകുതിയിൽ അൻവർ അലിയുടെയും ഛേത്രിയുടെയും ശ്രമങ്ങൾ വിഫലമായി. അധികസമയവും ഇരുടീമുകളും പ്രതിരോധം വിടാതെ മുന്നേറി.
അധികസമയംവരെ നീണ്ട കളിയിൽ ബംഗ്ലാദേശിനെ ഒരു ഗോളിന് മറികടന്നാണ് കുവൈത്ത് കിരീടപ്പോരിന് യോഗ്യത നേടിയത്. അബ്ദുള്ള അമർ ബുലോഷിയാണ് വിജയഗോൾ കുറിച്ചത്.















