തിരുവനന്തപുരം> ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച കേസിൽ സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷ തള്ളുകയും ഉടൻ കീഴടങ്ങണമെന്ന് നിർദേശിക്കുകയും ചെയ്ത ഗുജറാത്ത് ഹൈക്കോടതിയുടെ വിധി നിർഭാഗ്യകാരമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി. കീഴടങ്ങാൻ ആവശ്യപ്പെട്ട 30 ദിവസത്തെ സാവകാശം പോലും കോടതി നിരസിച്ചു.
ഗുജറാത്ത് കലാപത്തിന്റെ ക്രൂരതയിൽപ്പെട്ട് വിഷമിച്ചവർക്കുവേണ്ടി നിലകൊണ്ടു എന്ന ഒറ്റ കാരണം കൊണ്ട് സർക്കാരിൽ നിന്ന് വേട്ടയാടപ്പെടുകയാണ് ഈ സാമൂഹ്യപ്രവർത്തക. ഇത്തരത്തിൽ ജനാധിപത്യത്തിനും മനുഷ്യത്വത്തിനും നിരക്കാത്ത പ്രവൃത്തികളാണ് ബിജെപി സർക്കാർ ഗുജറാത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീയ്ക്ക് വിഷമം അനുഭവിക്കുന്നവർക്കൊപ്പം നിൽക്കാനും പ്രതികരിക്കാനും കഴിയാത്തവിധം ഈ ജനാധിപത്യ രാജ്യം മാറിയിരിക്കുന്നു. 2022 ജൂൺ 25നാണ് ടീസ്ത സെതൽവാദിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസിൽ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന കോടതി നിർദേശത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്.
സെപ്തംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലായിരുന്ന ടീസ്ത ജയിൽമോചിതയായത്. നരേന്ദ്രമോദി അടക്കമുള്ളവരെ ഗുജറാത്ത് കലാപത്തിൽ പ്രതികളാക്കാൻ വ്യാജരേ ചമച്ചുവെന്ന ഗുജറാത്ത് പൊലീസിന്റെ ആരോപണംതന്നെ അവർ നേരിടുന്ന ഭരണകൂട വേട്ടയാടലിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പി കെ ശ്രീമതി പ്രസ്താവനയിൽ പറഞ്ഞു.















