കൊച്ചി> അന്ത്യകർമങ്ങൾ നടത്താൻ സ്ഥലപരിമിതിമൂലം വിഷമിച്ച കുടുംബത്തിന് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് ആശ്രയമായി. എറണാകുളം ഏരിയ കമ്മിറ്റി ഓഫീസിനുസമീപം താമസിക്കുന്ന കാവിൽമഠത്തിൽ കെ പി ശാന്തയുടെ (65) സംസ്കാര ചടങ്ങുകൾക്കാണ് പാർടി ഓഫീസിലെ പപ്പൻചേട്ടൻ സ്മാരക ഹാൾ വിട്ടുനൽകിയത്. നടത്താൻ തീരുമാനിച്ച പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചാണ് അന്ത്യകർമങ്ങൾക്ക് സൗകര്യമൊരുക്കിയത്.
വൃക്കരോഗംമൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് ശാന്ത മരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും പന്തലിട്ട് കർമങ്ങൾ നടത്താൻ സൗകര്യമില്ലായിരുന്നു. വിവരം ബന്ധുക്കൾ ഏരിയ സെക്രട്ടറി സി മണിയെ നേരിൽക്കണ്ട് അറിയിച്ചു. തുടർന്ന് ചടങ്ങുകൾ നടത്താനായി ഹാൾ തുറന്നുകൊടുക്കുകയായിരുന്നു.
മൃതദേഹം പകൽ മൂന്നിന് പപ്പൻചേട്ടൻ സ്മാരക ഹാളിലെത്തിച്ച് ചടങ്ങുകൾ നടത്തി. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു. ഭർത്താവ്: പരേതനായ ബാബു. മകൻ: കെ ബി ജയന്തു. മരുമകൾ: സജിത. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അന്ത്യോപചാരമർപ്പിച്ചു.















