ലോസെൻ
ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയുടെ മികച്ച പ്രകടനം തുടരുന്നു. ലോസെൻ ഡയമണ്ട് ലീഗിലും നീരജ് ജാവലിൻത്രോയിൽ ഒന്നാമനായി. തുടർച്ചയായ രണ്ടാംഡയമണ്ട് ലീഗിലാണ് ഇരുപത്തഞ്ചുകാരന്റെ നേട്ടം. ലോസെനിൽ 87.66 മീറ്റർ എറിഞ്ഞു. അതേസമയം ലോങ്ജമ്പിൽ മലയാളിതാരം എം ശ്രീശങ്കർ അഞ്ചാമതായി. പരിക്കുകാരണം കഴിഞ്ഞമാസം നീരജ് മൂന്ന് പ്രധാന മീറ്റുകളിൽനിന്ന് പിന്മാറിയിരുന്നു. മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയിരുന്നു. ലോസെനിൽ പ്രതികൂല കാലാവസ്ഥ മികച്ച പ്രകടനത്തിന് തടസ്സമായി. ഈ സീസണിൽ 90 മീറ്ററായിരുന്നു ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്റെ ലക്ഷ്യം.
ലോസെനിൽ ആദ്യശ്രമം ഫൗളിൽ കലാശിച്ചു. രണ്ടാമത്തേതിൽ 83.52, മൂന്നാംശ്രമം 85.04, നാലാംശ്രമം ഫൗളായി. അഞ്ചാമത്തേതിൽ 87.66 മീറ്റർ എറിഞ്ഞ് മുന്നിലെത്തി. അവസാന ശ്രമം 84.15 മീറ്ററിൽ എത്തിയതേയുള്ളൂ.ജർമനിയുടെ ജൂലിയൻ വെബെറിനാണ് രണ്ടാംസ്ഥാനം. വെബെർ 87.03 മീറ്റർ എറിഞ്ഞു. സീസണിലെ മികച്ച ദൂരമുള്ള പോളണ്ടിന്റെ യാകുബ് വാദിലെഷ് മൂന്നാമതായി (86.13). നിലവിലെ ലോക ചാമ്പ്യൻ ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോക്യോ ഒളിമ്പിക് ചാമ്പ്യനായ നീരജ് കഴിഞ്ഞവർഷത്തെ ഡയമണ്ട് ഗ്രാൻഡ് ഫിനാലെയിൽ കിരീടം നേടിയിരുന്നു. ഡയമണ്ട് ലീഗ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരവുമാണ്. തുടർന്നുള്ള ലീഗുകളിലും ഈ ഹരിയാനക്കാരൻ പങ്കെടുക്കും.
പാരിസ് ഡയമണ്ട് ലീഗിൽ മൂന്നാമതെത്തിയ ശ്രീശങ്കറിന് ലോസെനിൽ ആ പ്രകടനം ആവർത്തിക്കാനായില്ല. 7.88 മീറ്റർമാത്രമാണ് ചാടാനായത്. പാരിസിൽ 8.09 മീറ്റർ ചാടിയിരുന്നു. ഭുവനേശ്വറിൽ നടന്ന ഇന്റർ സ്റ്റേറ്റ് മീറ്റിൽ ചാടിയ 8.41 മീറ്ററാണ് മികച്ച പ്രകടനം.















