ഹോട്സ്പ്രിങ്സിന്റെ പ്രത്യേകത നന്നായി ചൂടായ വെള്ളം ഉപരിതലത്തിലേക്കെത്തുമ്പോൾ ചൂട് കുറഞ്ഞുവരികയും പിന്നീട് ഈ ജലം ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചൂടായ വെള്ളം വീണ്ടും മുകളിലേക്കെത്തുകയും ചെയ്യപ്പെടുന്നു. താപ സംവഹനം (convection) എന്ന ഈ ചംക്രമണം (circulation) ആണ് താപനില ഉയരാതെ മറ്റൊരു വിസ്ഫോടനത്തിൽനിന്ന് തടയിടുന്ന പ്രതിഭാസം.
ഫയർ ഹോൾ നദിയുടെ തീരത്താണ് മിഡ്വേ ഗെയ്സീർ ബേസിൻ. ലോകത്തിലെ ഏറ്റവും വലിയ ഗീസെർ ആയ ഗ്രാൻഡ് പ്രിസ്മെറ്റിക് സ്പ്രിങ്, ടർക്കിഷ് പൂൾ, ഓപൽ പൂൾ എന്നിവ അടങ്ങിയ ചെറിയ പ്രദേശമാണ് ഹോട്സ്പ്രിങ്സുകളുടെ കേന്ദ്രമായ മിഡ്വേ ഗീസെർ ബേസിൻ. ഹോട്സ്പ്രിങ്സിന്റെ പ്രത്യേകത നന്നായി ചൂടായ വെള്ളം ഉപരിതലത്തിലേക്കെത്തുമ്പോൾ ചൂട് കുറഞ്ഞുവരികയും പിന്നീട് ഈ ജലം ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചൂടായ വെള്ളം വീണ്ടും മുകളിലേക്കെത്തുകയും ചെയ്യപ്പെടുന്നു. താപ സംവഹനം (convection) എന്ന ഈ ചംക്രമണം (circulation) ആണ് താപനില ഉയരാതെ മറ്റൊരു വിസ്ഫോടനത്തിൽനിന്ന് തടയിടുന്ന പ്രതിഭാസം. വൈകുന്നേരത്താണ് ഞങ്ങൾ ഇവിടെയെത്തിയത്. കാറുകളുടെ നീണ്ട നിര. അര കിലോമീറ്റർ ദൂരത്താണ് പാർക്കിങ് കിട്ടിയത്. അമേരിക്കയിലെ യെല്ലോസ്റ്റോൺ മഴവിൽ വർണ തടാകമെന്ന് തോന്നിപ്പിക്കുന്ന ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിങ് ആണ്.
ലോകത്തിലെ ഏറ്റവും വലിയ ഹോട്സ്പ്രിങ് ആണിത്. തെർമൽ പൂളുകളിൽനിന്ന് സദാ നീരാവി മുഖത്തടിച്ചുകൊണ്ടേയിരിക്കും. ചുറ്റും മരപ്പലകയിട്ട നടപ്പാതകളുണ്ട്. നടപ്പാതയിൽനിന്ന് അൽപ്പം നീങ്ങിയാൽ വെള്ളത്തിൽ വീണതുതന്നെ. ചിലപ്പോൾ ശരീരംപോലും കിട്ടാതെ വരും. ഫ്രീ ആയിട്ട് പ്രകൃതിയുടെ ഒരു സ്റ്റീം ഫേഷ്യലും ഏറ്റുകൊണ്ട് ഞങ്ങൾ ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിങ്ങിലെത്തി. യെല്ലോസ്റ്റോണിന്റെ രത്നകിരീടത്തിലെ കോഹിനൂറാണ് ഗ്രാൻഡ് പ്രിസ്മാറ്റിക്. ഇതിന്റെ മഴവില്ലഴകുള്ള മാസ്മര ഭംഗി പറഞ്ഞറിയിക്കാൻ പറ്റില്ല.
ഗ്രാൻഡ് പ്രിസ്മാറ്റിക് . യെല്ലോ സ്റ്റോണിന്റെ രത്നകിരീടം
നടുക്ക് കടൽനീല നിറം, പുറത്തേക്ക് വരുംതോറും ജലത്തിന്റെ താപനിലയിൽ വ്യതിയാനമുണ്ടാകുന്നതുമൂലം അതിൽ അധിവസിക്കുന്ന ബാക്ടീരിയകൾക്കും വ്യത്യാസമുണ്ടാകുന്നു. ബാക്ടീരിയയുടെ നിറമനുസരിച്ച് പച്ച, മഞ്ഞ, ഓറഞ്ച്, ബ്രൗൺ ലയറിൽ പ്രകൃതി ഭൂമിയുടെ പ്രതലത്തിലൊരുക്കിയ ഒരുഗ്രൻ മഴവിൽ പൂക്കളം.
ഇതിന്റെ യഥാർഥ ഭംഗി ആസ്വദിക്കാൻ അടുത്തുള്ള ചെറിയ കുന്നിൻ മുകളിലെ വ്യൂ പോയിന്റിൽ നിന്നാൽ സാധിക്കും. ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിങ്ങിൽ തന്നെ ചെറുതും വലുതുമായ നിരവധി പൂളുകളുണ്ട്, എല്ലാം ഒന്നിനൊന്നും സുന്ദരം.
ഇതിന്റെയൊക്കെ വെള്ളത്തിന്റെ നിറങ്ങൾ കണ്ടാൽ അതിശയിച്ചുപോകും. ഈ പൂളുകളിൽനിന്ന് സദാ പുകയും നീരാവിയും ഗ്യാസ് എമിഷൻസും ഉയർന്നു കൊണ്ടേയിരിക്കും. എല്ലാം വിശദമായി കൺകുളിർക്കെ കണ്ട് ഞാൻ ഒരു റൗണ്ടടിച്ച് വന്നിട്ടും സന്തോഷ് ശിവന് പഠിക്കുന്ന എന്റെ നല്ല പാതി തുടങ്ങിയിടത്തു തന്നെ സ്റ്റിക്കിൽ മൊബൈൽ ഘടിപ്പിച്ച് ഗ്രാൻഡ് പ്രിസ്മെറ്റിസിന്റെ നല്ല ഷോട്ടെടുക്കാൻ നിൽക്കുന്നു. ഒരു കൈ തെറ്റിയാൽ മൊബൈൽ തിളയ്ക്കുന്ന സ്പ്രിങ്ങിനകത്ത് വീണുരുകിപ്പോകും. ഒരുവിധത്തിൽ പിടിച്ചുവലിച്ചുകൊണ്ട് മാറ്റി.
West Thumb Area
യെല്ലോസ്റ്റോണിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് വെസ്റ്റ് തംബ് ഏരിയ. ഇവിടം നിറയെ mudpot കളുടെയും തിളച്ചൊഴുകുന്ന നീരുറവകളുടെയും സമ്മേളന സ്ഥലമാണ്. ഇവയിൽ ചിലതൊക്കെ യെല്ലോസ്റ്റോണിലെ തണുത്തുറഞ്ഞ തടാകത്തിലേക്കൊഴുകുന്നു. തണുത്ത തടാകത്തിന്റെ നടുവിൽ ആരോ വെള്ളം തിളപ്പിച്ചുകൊണ്ടേയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന അത്ഭുത പ്രതിഭാസം. നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരത്തിലുള്ള തടാകമാണ് ഇവിടെയുള്ളത്. 7000 അടി ഉയരവും 400 അടി താഴ്ചയും 141 മൈൽ തീരവുമുള്ള സുന്ദര തടാകം കാണേണ്ടതുതന്നെ.
mud volcano
മഡ് വോൾക്കാനോ ഒരു ചെറിയ പ്രദേശമാണ്. പാർക്കിങ് ലോട്ടിനടുത്തുതന്നെയാണ് മഡ് വോൾക്കാനോയുടെ പ്രധാന ആകർഷണങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഗന്ധകത്തിന്റെയും ഹൈഡ്രജൻ സൾഫൈഡിന്റെയും രൂക്ഷ ഗന്ധമാണ് നിങ്ങളെ സ്വാഗതം ചെയ്യുക. തെങ്ങിന്റെ ചുറ്റും തടമെടുത്തപോലുള്ള മഡ് പോട്ടുകളിൽനിന്ന് ചെളികുമിളകൾ ഗുളു ഗുളു ശബ്ദത്തോടെ തിളച്ചു മറിയുന്നു. ഏറ്റവും പ്രധാനം തീ തുപ്പുന്ന വ്യാളീമുഖമാണ്. വലിയൊരു ഗുഹാമുഖത്തിൽനിന്ന് ഇടയ്ക്കിടയ്ക്ക് വലിയ ശബ്ദത്തിൽ തിളച്ചൊഴുകുന്ന വെള്ളം പുറത്തേക്കൊഴുക്കുന്നു. ഉള്ളിലേതോ വ്യാളി അലറിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് തിളച്ച വെള്ളം തുപ്പുന്ന പ്രതീതിയാണിത് കാണുമ്പോൾ തോന്നുക. ഇതിന് ചുറ്റുമുള്ള സ്പ്രിങ്ങുകളിൽനിന്നും ഇതുപോലെ വെള്ളം തിളച്ച് ചുറ്റും ആവി നിറഞ്ഞു നിൽക്കുന്നു.
മഡ് വോൾക്കാനോയിലെ സൾഫർ കാൽഡ്രനിന്റെ പ്രധാന തെർമൽ സ്വഭാവം മഡ് പോട്ടുകളും ഫ്യൂമറോൾസുമാണ്. ഇതിനു കാരണം ഈ പ്രദേശം വെള്ളത്തിന്റെ ലഭ്യത കുറഞ്ഞ സ്ഥലമായതുകൊണ്ടാണ്. ഭൂഗർഭ ജലം പെട്ടെന്നുതന്നെ തിളക്കുന്നു. അതിന്റെ ആവിയിൽ സൾഫ്യൂരിക് ആസിഡ് സമീപത്തുള്ള പാറകൾ ഉരുക്കി കളിമണ്ണാക്കുന്നു. വെള്ളത്തിന്റെ ലഭ്യതക്കുറവുകൊണ്ട് അത് ചളി കുഴഞ്ഞതുപോലെ (mud pot) ആയി കാണപ്പെടുന്നു.(ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് മഡ് വോൾകാനോയുടെ അടിഭാഗത്തെ മണ്ണിൽ വസിക്കുന്ന ബാക്ടീരിയയുടെ മൈക്രോബിയൽ പ്രവർത്തനംകൊണ്ട് ഓക്സീകരിക്കപ്പെട്ടു H2SO4 ആയി മാറുന്നു) അവിസ്മരണീയമായ ഒരു കാഴ്ചതന്നെയാണിത്.
Mammoth hot springs
മാമ്മത്ത് ഹോട് സ്പ്രിങ്സിലേക്കുള്ള സന്ദർശനം വേറൊരു ലോകത്തേക്കുള്ള കവാടമാണ് തുറക്കുന്നത്. ചൂട് നീരുറവകളുടെ സമുച്ചയമായ മാമ്മത്ത് സ്പ്രിങ്സിന്റെ ലാൻഡ്സ്കേപ്പ് തികച്ചും സ്വപ്നസദൃശ്യമായ വർണപ്പകിട്ടും പാലരുവി തട്ടു തട്ടായി വെണ്ണക്കൽ മേടയിലൂടെ ഒഴുകിയിറങ്ങുന്ന പ്രതീതിയും പശ്ചാത്തലമായി നീരാവിയുടെ മേഘപ്പുതപ്പും ഒത്തുചേർന്നതാണ്. ആയിരക്കണക്കിന് വർഷങ്ങളായി ഉറവയിലെ ചൂടുവെള്ളം കാത്സ്യം കാർബണേറ്റുമായി പ്രതിപ്രവർത്തിച്ചുണ്ടായ ധാതുലവണ നിക്ഷേപങ്ങളാണ് ഇവിടുത്തെ travertine terrace നാടൻ ഭാഷയിൽ പറഞ്ഞാൽ ധാതു സമ്പുഷ്ടമായ ചൂട് നീരുറവ നിക്ഷേപിക്കുന്ന ചുണ്ണാമ്പുകല്ലുകളുടെ മേട. ഇത് പെട്ടെന്ന് വലുപ്പംവയ്ക്കുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്നു.
മാമ്മത്ത് സ്പ്രിങിന്റെ ഒരു ഭാഗം
ഒരു ദിവസം ഏകദേശം രണ്ടു ടൺ ചുണ്ണാമ്പുകല്ലുകൾ നിക്ഷേപിക്കപ്പെടുന്നുവെന്നാണ് കണക്ക്. എപ്പോഴും തിളച്ചുകൊണ്ടിരിക്കുന്ന നീരുറവകൾ ചൂടിനെ ഇഷ്ടപ്പെടുന്ന ബാക്ടീരിയകളുടെയും (thermopiles) പലതരം ആൽഗെയുടെയും ആവാസകേന്ദ്രമാണ്. ചൂടിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് നീലയും പച്ചയും മഞ്ഞയും നിറങ്ങളിൽ അവ കാണപ്പെടുന്നു.
മാമ്മത്ത് സ്പ്രിങ്സിന് അപ്പർ ടെറസ് എന്നും ലോവർ ടെറസ് എന്നും രണ്ട് ഭാഗങ്ങളുണ്ട്. ലോവർ ടെറസിൽ ബോർഡർ വാക് എല്ലായിടത്തും ഉള്ളതുകൊണ്ട് എല്ലാം നന്നായി കണ്ടുതീർക്കാൻ സാധിക്കും.
ക്ലിയോപാട്ര ടെറസ്, മിനെർവ ടെറസ് തുടങ്ങി രസകരമായ പേരുകളാണ് ഓരോ ടെറസിനും നൽകിയിരിക്കുന്നത്. ലോവർ ടെറസിൽനിന്ന് അപ്പർ ടെറസിലേക്ക് നടപ്പാതയുണ്ട്. എളുപ്പം പക്ഷേ അപ്പർ ടെറസിലെ സീനിക് ഡ്രൈവ് ആസ്വദിച്ചു പോകുന്നതാണ്.
കുറേദൂരം നടന്നുപോയാൽ നിങ്ങൾക്ക് boiling റിവർ (തിളയ്ക്കുന്ന നദിയിലെത്തിച്ചേരാൻ സാധിക്കും. ഇവിടെ നദിയിലിറങ്ങി ഒരു ലവണക്കുളി കുളിച്ച് ക്ഷീണമൊക്കെ മാറ്റണമെന്നുണ്ട്. നടന്ന് കാല് കുഴഞ്ഞതിനാലും പൊതു ഇടത്ത് വെള്ളത്തിലിറങ്ങി ശീലമില്ലാത്തതിനാലും ഞങ്ങൾ ആ പരിപാടി ഉപേക്ഷിച്ചു.
നോറിസ് ഗെയ്സീർ ബേസിൻ
യെല്ലോസ്റ്റോണിലെ ഏറ്റവും പുരാതനവും ചൂടേറിയതും ചലനാത്മകവുമായ തെർമൽ പ്രദേശമാണ് നോറിസ് ഗീസർ ബേസിൻ. യെല്ലോസ്റ്റോണിലെ സൂപ്പർ ഹോട്ടസ്റ്റ് ഉഷ്ണജലസ്രോതസ്സുകളുടെ സമാഹാരങ്ങൾ. ഏറ്റവും ഉയർന്ന ഊഷ്മാവ് 495 F (237 c) ഉപരിതലത്തിൽനിന്ന് 1087 അടി താഴെ ഒരു ഡ്രില്ലിങ്ങിന്റെ ഭാഗമായി അളന്നത് നോറിസ് ബേസിനിലാണ്.
യെല്ലോസ്റ്റോണിന്റെ നോറിസിലെ ജലം കൂടുതലും അമ്ല സ്വഭാവമുള്ളതാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്റ്റീം ബോട്ട് ഗെയ്സർ (400 അടിവരെ ഉയരത്തിൽ) നോറിസിന്റെ ഭാഗമാണ്. 1875 ൽ അന്നത്തെ പാർക്ക് സൂപ്രണ്ടായിരുന്ന കേണൽ നോറിസ് ആണ് ഇവിടം കണ്ടുപിടിച്ചത്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതമാണ് നോറിസിന്റേത്. അതിരാവിലെയാണ് ഞങ്ങൾ നോറിസ് സന്ദർശിക്കാനെത്തിയത്.
രാവിലെയായതിനാൽ അധികം സന്ദർശകർ എത്തിത്തുടങ്ങിയിരുന്നില്ല. കൂടുതലും പ്രായം ചെന്നവർ. അവർക്കാണല്ലോ ഉറക്കം കുറവുള്ളത്. വിസിറ്റേഴ്സ് സെന്ററിൽ കൂടിയാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്. നോറിസിനെ ബാക് ബേസിൻ എന്നും പോർസലീൻ ബേസിൻ എന്നും രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബാക് ബേസിനിലേക്കുള്ള രണ്ടര കിലോമീറ്ററോളം വരുന്ന നടപ്പാതക്കിരുവശവും മരങ്ങൾ കാണാം. അതിരാവിലെ ഒരു സീനിക് ഡ്രൈവിന് പോയ പ്രതീതി.
ഇടയ്ക്കിടയ്ക്ക് എമറാൾഡ് ബേസിൻ പോലുള്ള സുന്ദരൻ ബേസിനുകളും കാണാം. ഇവിടെയാണ് സൂപ്പർ ഹോട്ടസ്റ്റ് റോക്സ്റ്റാർ ആയ സ്റ്റീം ബോട്ട് ബേസിൻ. ഞങ്ങൾ വരുന്നതിന് ഒരാഴ്ച മുമ്പാണ് അപ്രതീക്ഷിതമായി ഇവൻ ഒന്ന് ചീറ്റിയത്. ഏകദേശം 300 അടി പൊക്കത്തിൽ വെള്ളം ചീറ്റി. ഇപ്പൊ ആള് മയക്കത്തിലാണ്. ഇടയ്ക്ക് ചെറുതായി മൂക്ക് ചീറ്റുന്നപോലെ ചീറ്റുന്നുമുണ്ട്. തൊട്ടടുത്തൊക്കെ അനുചരവൃന്ദമെന്നപോലെ കുഞ്ഞൻ ബേസിനുകളും.
പോർസലീൻ ബേസിനിൽ മരങ്ങൾ തീരെ ഇല്ല. പിഞ്ഞാണപ്പാത്രം കമഴ്ത്തിവച്ചപോലെയുണ്ട്. ഇവിടെയും അങ്ങിങ്ങായി steam vent ഉം ബ്ലൂ സ്പ്രിങ്സും ഒക്കെ ഉണ്ട്. ചൂടിനെ ഇഷ്ടപ്പെടുന്ന ബാക്ടീരിയകൾ തന്നെയാണ് ഇവിടെയും നീലയും പച്ചയും ഓറഞ്ചും നിറമുള്ള വെള്ളത്തിന്റെ വിന്യാസത്തിന് കാരണം. അപകടം പതിയിരിക്കുന്നതാണ് ഇവിടം. നടപ്പാതകളിൽനിന്ന് മാറി വെള്ളത്തിന്റെ ചൂട് നോക്കാൻ ഒരാൾ 2016 ൽ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. നേരെ തിളച്ച വെള്ളത്തിൽ വീണു. ശരീരംപോലും കിട്ടിയില്ല. ആസിഡും ചൂടും കൂടെ ഉരുക്കി കളഞ്ഞു. ഒരുപാട് അപകട മരണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ശരീരം വീണ്ടെടുക്കാനാവാത്ത ആദ്യ സന്ദർഭമായിരുന്നു അത്. എന്തായാലും ഞങ്ങൾ നല്ല കുട്ടികളെപ്പോലെ എല്ലാ നിയമവും പാലിച്ചുതന്നെ നടന്നു.
Continental divide
യെല്ലോസ്റ്റോണിന്റെ മറ്റൊരു സവിശേഷതയാണ് ഇതിലൂടെ കടന്നുപോകുന്ന കോണ്ടിനെന്റൽ ഡിവൈഡ്. ഒരു നീർത്തടത്തിൽ വീഴുന്ന ജലം ഏതു ദിശയിലോട്ടൊഴുകുമെന്ന് തീരുമാനിക്കുന്നതാണ് കോണ്ടിനെന്റൽ divide.
കോണ്ടിനെന്റൽ ഡിവൈഡിനരികെ ലേഖികയും ഭർത്താവ് ഷംനാദും
ഇവിടെ isla നദി രണ്ടായി പിരിഞ്ഞ് ഒരു ഭാഗത്തെ ജലം (സ്നേക് റിവർ) പസഫിക് സമുദ്രത്തിലേക്കും മറുഭാഗത്തേത് (യെല്ലോസ്റ്റോൺ റിവർ) അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് (ഗൾഫ് ഓഫ് മെക്സിക്കോയിലേക്കും) ഒഴുകുന്നു.
സിമ്പിളായി പറഞ്ഞാൽ വീടിന്റെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം കുറച്ച് പൂമുഖത്തേക്കും കുറച്ച് പിറകിൽ അടുക്കളഭാഗത്തേക്കും ഒഴുകുന്നത് നമ്മൾ കണ്ടിട്ടുണ്ടല്ലോ. അതുപോലെ ഒരു പ്രതിഭാസം. കോണ്ടിനെന്റൽ ഡിവൈഡിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു തുള്ളി മഴവെള്ളം വീണാൽ അത് പസഫിക് സമുദ്രത്തിലേക്കൊഴുകിച്ചേരുന്ന നദിയിലോട്ടും കിഴക്കു ഭാഗത്തുവീണാൽ അറ്റ്ലാന്റിക് സമുദ്രത്തിലേെക്കാഴുകിയെത്തുന്ന നദിയിലേക്കും ചേരും.
ഇവിടെ ഒരിടത്ത് കാണപ്പെടുന്ന ഇടുക്കിൽ നിന്ന് (പാസ്) പസഫിക് സമുദ്രത്തിൽനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്കുള്ള നീർത്തടത്തിലേക്ക് ചാടാൻ മത്സ്യങ്ങൾക്ക് കഴിയുമെന്നു പറയുന്നു. ഇവിടം സന്ദർശിക്കുന്ന ഒട്ടുമിക്കപേരും കോണ്ടിനെന്റൽ ഡിവിഡിന്റെ ബോർഡിനരികിൽനിന്ന് പടമെടുക്കാറുണ്ട്. ഞങ്ങളും ആ ചടങ്ങ് വേണ്ടെന്നുവച്ചില്ല. നമ്മളുടെ കാലുകളിലൊന്ന് നിൽക്കുന്ന ഭാഗത്തെ ജലം ഒഴുകുന്നത് പസഫിക്കിലേക്കും മറ്റേ കാല് അറ്റ്ലാന്റിക് സമുദ്രത്തിലേക്കെത്തിക്കുന്ന നീർത്തടത്തിലുമാകാമെന്ന അത്ഭുതത്തിൽ ഞാനും ആനന്ദ പുളകിതയായി.
Canyon village and grand canyon of yellostone
canyon area യിൽ വർണവിന്യാസങ്ങളുടെ മനോഹാരിത ചമക്കുന്ന പ്രകൃതിയുടെ കൈവിരുതു കാണാം. താഴ്വരയുടെ താഴെ യെല്ലോസ്റ്റോൺ റിവർ വെള്ളിയരഞ്ഞാണംപോലെ ചുറ്റിക്കിടക്കുന്നു. വെള്ളച്ചാട്ടം നദിയിൽ പതിക്കുന്നത് കാണാൻ താഴോട്ട് നടപ്പാതയുണ്ട്. ക്ലേശകരമായ ആ നടത്തം എന്തായാലും കുത്തനെയല്ല, വളഞ്ഞു തിരിഞ്ഞാണ്.
ഓരോ വളവു കഴിയുമ്പോഴും തീർന്നില്ലേ എന്ന് ചോദിച്ചു പോകുന്നു. അതിനിടയിലും ഒരായാസവുമില്ലാതെ ഓടിക്കൊണ്ട് പാത താണ്ടുന്നവരെയും ധാരാളം കാണാം. ഈ കഷ്ടപ്പാടൊക്കെ നമ്മൾ താഴെയെത്തുമ്പോൾ കാണുന്ന അതിമനോഹര കാഴ്ചയിൽ മറന്ന് പോകും.( പിന്നെ തിരിച്ചു കേറുക എന്ന കാര്യം ഓർക്കുന്നതുവരെ) യെല്ലോ സ്റ്റോണിലെ grand canyon ഭൂജ്ഞാന ചരിത്രത്തിന്റെ സങ്കീർണതകൾ വൈവിധ്യമാർന്ന വർണങ്ങളിലും ആകൃതിയിലും നമ്മെ മനസ്സിലാക്കിക്കുന്നു.
യെല്ലോസ്റ്റോൺ നദിയെ പിളർത്തി ഒഴുക്കിയ rhyolite ലാവയുടെ പരിണതഫലമായിട്ടുണ്ടായതാണ് ഇവിടുത്തെ കാന്യോൻ. ഭൂമിക്കടിയിലുള്ള അഗ്നിപർവതത്തിന്റെ ചൂടുറവകൾ ഇവിടുള്ള ശിലാപാളികളിൽ വരുത്തിയ വിന്യാസങ്ങളുടെ നയനമനോഹാരിത ഡാവിൻസിയെ പിന്നിലാക്കും. 308 അടി താഴ്ചയുള്ള ലോവർ ഫാൾസിലാണ് കടുകട്ടി ശിലകളിൽനിന്ന് ലാവാപ്രവാഹത്തിൽ മാറ്റം വന്ന പാറകളുടെ തുടക്കം കാണാൻ സാധിക്കുക. 33 അടി ഉയരമുള്ള അപ്പർ ഫാൾസിൽനിന്നും ഈ ദൃശ്യം ലഭ്യമാകും. സൂക്ഷിച്ചു നോക്കിയാൽ കടും ഓറഞ്ചും ബ്രൗണും പച്ചയും നിറങ്ങളിൽ നദീതട പ്രദേശങ്ങൾ കാണുന്നത് ഇപ്പോഴും ആക്റ്റീവ് ആയ ഹൈഡ്രോ തെർമൽ സ്വഭാവംകൊണ്ടാണ്. കാലാന്തരത്തോളം ഈ പാറക്കെട്ടുകളെയും ചുറ്റുമുള്ള പ്രകൃതിയെയും അത് മാറ്റിക്കൊണ്ടേയിരിക്കും.
മൃഗസമ്പത്ത്
യെല്ലോസ്റ്റോണിൽ grizzly bear (ചെമ്പൻ കരടി), ബ്ലാക്ക് bear എന്നിവ ധാരാളമായി കാണാം. കരടിക്കുഞ്ഞുങ്ങൾ തണുത്തുറഞ്ഞ മഞ്ഞുകാലത്ത് അമ്മമാർ ശീതനിദ്ര (hybernate) ചെയ്യുമ്പോഴാണ് ജനിക്കാറ്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവ അമ്മമാരോടൊപ്പം മരങ്ങളുടെ വേരുകൾ, പ്രാണികൾ, അണ്ണാനുകൾ ഇവയൊക്കെ തേടി അലയും. കറുത്ത കരടി കുഞ്ഞുങ്ങൾ ഒന്നര വർഷത്തോളം അമ്മയുടെ കൂടെ ഇര തേടുമ്പോൾ ചെമ്പൻ കരടി കുഞ്ഞുങ്ങൾ മൂന്നര വർഷംവരെ അമ്മയുടെ തുണ വെടിയില്ല.
ലമാർ താഴ്വരയിലെ മരങ്ങൾക്കിടയിൽ കറുത്ത കരടികളെ കാണാനാവും. ചെമ്പൻ കരടിയിനങ്ങൾ തുറന്ന സ്ഥലത്തായിരിക്കും കാണപ്പെടുക.വഴിയിൽ കരടിയെ കാണാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോകുന്നെങ്കിൽ പോകുന്നവർ ബെയർ സ്പ്രേ കരുതണം. പക്ഷേ കരടിയെ കണ്ടാൽ കൈയും കാലും വിറയ്ക്കുന്ന നമ്മളിങ്ങനെ സ്പ്രേ എടുത്തു വീശും? മാതേവന്റെ ഐഡിയ വർക് ഔട്ട് ആയാൽ കൊള്ളാം.എന്തായാലും ഞങ്ങൾക്ക് രണ്ടു കൂട്ടരെയും കാണാൻ സാധിച്ചു.
യെല്ലോസ്റ്റോൺ പരിസരത്തെ കാട്ട്പോത്ത്
ചരിത്രാതീത കാലം തൊട്ടേ കാട്ടുപോത്തുകളുടെ (bison) ആവാസസ്ഥലമാണ് യെല്ലോസ്റ്റോൺ. സാധാരണ പുല്ലും കോരപ്പുല്ലുമൊക്കെയാണ് ഇവയുടെ ഭക്ഷണം. അതുകൊണ്ട് പുൽമേടുകളിലും വനാന്തരങ്ങളിലും ഇവയ്ക്ക് ജീവിക്കാനാകും. 2000 പൗണ്ട് (900 kg) ഭാരമുള്ള മുതിർന്ന പോത്തിനെ കണ്ടാൽ ഒരു കുട്ടിയാനയെപ്പോലെ തോന്നും. എത്ര ബീഫ് ഫ്രൈ ഉണ്ടാക്കി പൊറോട്ടയോടുകൂടി അടിക്കാമെന്നായിരിക്കും ഓരോ മലയാളിയും ചിന്തിക്കുക.
നൂറുകണക്കിന് പോത്തുകൾ താഴ്വരയിൽ മേഞ്ഞുനടക്കുന്നത് മതിയാവോളം കാണാൻ സാധിച്ചു. ഇടയ്ക്കിവ ഒറ്റയായോ കൂട്ടം കൂട്ടമായോ റോഡ് ക്രോസ് ചെയ്യും. bison traffic jam. VIP സ്റ്റാറ്റസ് ആണിവർക്കിവിടെ. റോഡിന്റെ നടുക്ക് നിന്നാലും ആരും ഓടിച്ചുവിടില്ല. അവ തനിയെ പോകുന്നതുവരെ വാഹനങ്ങൾ നിർത്തിയിടും. ജൂലൈ ആഗസ്ത് മാസങ്ങളിൽ ഇവയ്ക്ക് മദപ്പാട് ഉണ്ടാകും. അപ്പോൾ സഹപോത്തൻമാരോട് മല്ലിട്ട് ഇണയെ സ്വന്തമാക്കും.
കാട്ട്പോത്ത്
9 / 9 .5 മാസങ്ങൾക്കുശേഷം പോത്തിന് കുട്ടികൾ ഏപ്രിൽ മെയ് മാസങ്ങളിൽ ജനിക്കും. ഓറഞ്ച് നിറത്തിലുള്ള രോമങ്ങൾകൊണ്ട് മൂടിയ ഇവ ‘ചെമ്പൻപട്ടികൾ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു. ലമാർ താഴ്വര, യെല്ലോസ്റ്റോൺ ഫയർ ഹോൾ, മാഡിസൺ റിവർ സൈഡ് ഇവിടങ്ങളിലൊക്കെ ഇവയെ ധാരാളമായി കാണാം.
ബൈസൺ എന്ന പ്രൗഢനാമമുണ്ടെങ്കിലും ബഫല്ലോ എന്ന സാദാപേരിലാണിവയെ ഇന്നാട്ടുകാർ വിളിക്കുക. നമുക്ക് ബഫലോയെ കാണാൻ പോകുന്നു എന്ന് പറയുമ്പോൾ ഒരു ഗുമ്മില്ലല്ലോ! യെല്ലോസ്റ്റോണിലെ ആദ്യദിവസം കാറിൽ സഞ്ചരിക്കുമ്പോൾ ഒരു വൻ ജനക്കൂട്ടം. വണ്ടി നിർത്തിയപ്പോൾ മലമുകളിലെങ്ങോ ഒരു ബൈസൺ. അതിനെ ബൈനോക്കുലർവരെവച്ച് ആൾക്കാർ നോക്കി കണ്ടുപിടിക്കുന്നു.
കട്ടികണ്ണട വച്ചിരിക്കുന്ന എനിക്ക് അടുത്ത് നിന്നവരെ കാണില്ല പിന്നെയാ മലമുകളിലെ മഹാനെ കാണുന്നത്. നിരാശയായി യാത്ര തുടരുമ്പോൾ അഞ്ചു മിനിറ്റിനകം ഒരു വമ്പൻ ബൈസൺ റോഡരികിൽ നിൽക്കുന്നു. പിന്നങ്ങോട്ട് ഓരോ അര മണിക്കൂറിലും ബൈസൺ ,elk, moose എന്നിവരുടെ ഒറ്റയ്ക്കും കൂട്ടമായും ഉള്ള പെരുമഴക്കാലമായിരുന്നു. സെൽഫി വരെ എടുക്കാൻ പറ്റുന്നത്ര അടുത്ത് അവയെ കണ്ടു. പിറ്റേന്ന് ലമാർ താഴ്വരയിൽ കൂടി പോയപ്പോൾ ബൈസൺകളുടെ പെരുമൺ മഹാസമ്മേളനവും കാണാൻ സാധിച്ചു.
വൈൽഡ് ലൈഫ്
യെല്ലോസ്റ്റോൺ ആവാസ വ്യവസ്ഥയിലെ പ്രകൃത്യാ ഉള്ള ഭാഗമാണ് കാട്ടുതീ. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള സമയത്തിൽ മിക്കപ്പോഴും ഇത് സംഭവിക്കാറുണ്ട്. ഒരു മിന്നൽ മതി കാട്ടുതീ ഉണ്ടാകാൻ. മിക്കവാറും അര ഏക്കറിൽ ഒതുങ്ങുമെങ്കിലും കാറ്റ് കൂട്ടിനുണ്ടെങ്കിൽ 1988 ൽ ഉണ്ടായപോലെ ഒരു മില്ലിയൺ ഏക്കറിൽ പടർന്ന വൻ കാട്ടുതീയും സംഭവിക്കാറുണ്ട്. തീയും ഒരനുഗ്രഹമായി ഇവർ കണക്കാക്കുന്നു. യെല്ലോസ്റ്റോണിലെ തണുത്ത കാലാവസ്ഥയിൽ ചീഞ്ഞു നശിക്കുക കാലതാമസമുളവാക്കുന്നതാണ്.
ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക എന്ന പ്രകൃതി നിയമം പാലിക്കാൻ കാട്ടുതീ സഹായിക്കുന്നു. മരങ്ങളും വനമാലിന്യങ്ങളും കത്തിയമർന്നു ധാതു ലവണങ്ങളായി മണ്ണിനോട് ചേർക്കാൻ കാട്ടുതീ പങ്കുവഹിക്കുന്നു.കൂടാതെ എണ്ണത്തിൽ അധികമായ മരങ്ങളുടെ എണ്ണം കുറച്ചും പലതരം മരങ്ങളുടെ സമൂഹത്തിന് സഹായകരമായും താഴ്വരകളിലെ മരങ്ങളുടെ വളർച്ച തടഞ്ഞും ശാസ്ത്ര ലോകത്തിന് എക്കോസിസ്റ്റത്തിൽ കാട്ടുതീ വരുത്തുന്ന ആഘാതങ്ങളുടെ പഠനം നടത്താൻ സഹായിച്ചും കാട്ടുതീ തന്റെ ജൈത്രയാത്ര തുടരുന്നു.
കരിഞ്ഞ മരങ്ങൾ നീക്കം ചെയ്യുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. കത്തിയതോ ജീവൻ നശിച്ചതോ ആയ മരങ്ങൾ ഒരു നരച്ച പെയിന്റിങ് പോലെ യെല്ലോസ്റ്റോണിൽ നിലനിൽക്കുന്നു. കിലോമീറ്ററുകളോളം കരിഞ്ഞ മരങ്ങൾ യാത്രയിൽ ഞങ്ങൾ കണ്ടു. ഇവയൊക്കെ ഒരുപാട് വന്യജീവികൾക്കും പക്ഷികൾക്കും കൂടും വീടും ഒരുക്കുന്നു.
കുഞ്ഞു സന്ദർശകർക്കായി
യെല്ലോസ്റ്റോണിൽ എത്തുന്ന കുഞ്ഞുസന്ദർശകർക്ക് ഏറെ താൽപ്പര്യമുണ്ടാക്കുന്ന പ്രോഗ്രാമാണ് ജൂനിയർ റേഞ്ചർ (വനപാലകൻ) ആകാനുള്ള അവസരം. പാർക്കിലെ പ്രകൃത്യാ ഉള്ള അത്ഭുതങ്ങളെ പരിചയപ്പെടുത്തുകയും ഭാവി തലമുറക്കായി എങ്ങനെ അതിനെ പരിപാലിക്കണമെന്നും പഠിപ്പിക്കുന്ന പ്രോഗ്രാമാണ് ഇത്. വേണമെങ്കിൽ ഔദ്യോഗിക ഗൈഡുകളെയും ലഭിക്കും.
ആഗോളതലത്തിൽ പ്രകൃതിക്ക് നാശനഷ്ടങ്ങൾ സംഭവിക്കുമ്പോൾ കന്യകുസുമം പോലെ അമേരിക്കൻ വന്യതയിൽ യെല്ലോസ്റ്റോൺ നിലകൊള്ളുന്നു. പക്ഷേ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 150 വാർഷികം ആഘോഷിക്കേണ്ട 2022 യെല്ലോസ്റ്റോണിനെ ഇത്തവണ പ്രകൃതിയും ചതിച്ചു. തോരാമഴയും മണ്ണിടിച്ചിലുംകൊണ്ട് ഇത്തവണത്തെ ടൂറിസ്റ്റ് സീസൺ (ജൂൺ ആഗസ്ത് ) മുഴുവനായും വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയി. കഴിഞ്ഞ വർഷം (2021 )ൽ ഞങ്ങൾ ഉണ്ടായിരുന്ന അതേ സമയത്താണിവിടെ atmospheric river എന്ന (ഇടുങ്ങിയ; അതിവേഗത്തിൽ സഞ്ചരിക്കുന്ന ചൂടും ഈർപ്പമുള്ള വായുവിന്റെ ഗതി.
കണ്ടാൽ ആകാശത്തുകൂടെ ഒഴുകുന്ന നദി പോലെ) പ്രതിഭാസമാണ് വില്ലനായത്. മൂന്നിഞ്ചിലേറെ ലഭിച്ച മഴയും ചൂടും ആവിയും ഉള്ള അന്തരീക്ഷവും ചേർന്ന് തൊട്ടുമുമ്പത്തെ വസന്തത്തിലും മാറാതെ നിന്ന അതിശൈത്യം മൂലം ഉരുകാതെ കിടന്ന മഞ്ഞിനെ ഉരുക്കിയതിന്റെ പരിണത ഫലമാണ് ഈ വെള്ളപ്പൊക്കം. നദിയുടെ ദിശവരെ മാറ്റിയൊഴുക്കി പാലങ്ങളും റോഡുകളും വീടുകളും തകർത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം ആയിരക്കണക്കിന് സന്ദർശകരെയാണ് യെല്ലോസ്റ്റോണിൽനിന്ന് ഒഴിപ്പിക്കേണ്ടി വന്നത്. തടാകതീരത്തെ വാടക ക്യാബിനുകൾ ഒന്നടങ്കം കലിതുള്ളിയ നദി കടപുഴക്കിക്കൊണ്ടുപോയി. ഇവയൊക്കെ ഹൗസ് ബോട്ട്പോലെ തടാകത്തിൽ ഒഴുകിനടക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു. നനവ് പടർന്ന് ഇവിടുത്തെ ഭൂപടം ആകെ കുതിർന്നപ്പോൾ താളം തെറ്റിയത് യെല്ലോസ്റ്റോണിന്റെ സന്തുലതയാണ്. ഇതെന്റെ കണക്കുതീർക്കൽ, നിന്റെ പിഴയൊടുക്കൽ എന്ന് പ്രകൃതി കരുതിയിട്ടുണ്ടാവും.
യെല്ലോസ്റ്റോണിലെ മ്ലാവ്
യെല്ലോസ്റ്റോൺ ഇനി പൂർവസ്ഥിതിയെലെത്താൻ വർഷങ്ങൾ എടുക്കും. തകർന്ന റോഡുകളും പാലങ്ങളും താമസസൗകര്യങ്ങളും ഇനി പുനർനിർമിക്കേണ്ടതുണ്ട്. ഇനിയുള്ള കാലവും ശുഭസൂചകമല്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. നമ്മൾ പ്രകൃതിയോട് ചെയ്തതിന്റെ പരിണിതഫലങ്ങൾ അടുത്ത തലമുറയല്ല ഈ തലമുറ തന്നെ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. എന്തായാലും ഫ്ലഡിങ് കൂടുതലും ചുറ്റുമുള്ള നദീതടങ്ങളിലേക്കൊതുങ്ങിയതുമൂലം തൽക്കാലം യെല്ലോസ്റ്റോണിന്റെ ഹൈഡ്രോതെർമൽ പ്രതിഭാസങ്ങൾക്ക് വിഘ്നം സംഭവിക്കില്ലെന്ന് പറയപ്പെടുന്നു. ഇപ്പോൾ യെല്ലോസ്റ്റോൺ ഭാഗികമായി സന്ദർശകർക്ക് തുറന്നു കൊടുത്തിട്ടുണ്ട്.
പ്രാചീന അമേരിക്കയുടെ അവസാന തുണ്ടാണ് യെല്ലോസ്റ്റോൺ. അവിസ്മരണീയമായ അനുഭവങ്ങൾക്കായി മുപ്പത് ലക്ഷത്തിലേറെ സന്ദർശകർ ഇവിടം ഓരോ വർഷവും സന്ദർശിക്കുന്നു. ഓരോ വളവിലും നിങ്ങളെക്കാത്ത് ഒരത്ഭുതമുണ്ടാകും. യെല്ലോസ്റ്റോണിന്റെ മിക്ക ഭാഗങ്ങളും അപകടം പതിയിരിക്കുന്നതാണ്. മരണങ്ങൾ ഏറെ സംഭവിച്ചിട്ടുണ്ട്. ചൂട് നീരുറവകളിൽ വീണാൽ അമ്ലസ്വഭാവമുള്ളതുകൊണ്ട് ആസിഡിൽ വീണ അവസ്ഥയാകും. ചിലപ്പോൾ ശരീരംപോലും കിട്ടില്ല. മുന്നറിയിപ്പ് ബോർഡുകൾ എല്ലായിടത്തും ഉണ്ട്. കുഞ്ഞുങ്ങൾപോലും അവയൊക്കെ കൃത്യമായി പാലിക്കുന്നു. അശ്രദ്ധയായി ആരും ഓടി നടക്കുന്നില്ല.
അമേരിക്കയുടെ പ്രശംസനീയമായ ദേശീയോദ്യാനമായ yellow stone ലേക്കുള്ള യാത്ര ആധുനിക തീർഥയാത്രയാണ്. നിങ്ങളുടെ താൽപ്പര്യങ്ങൾ എന്തുമാകട്ടെ campfire ന് ചുറ്റുമിരുന്ന് വീഞ്ഞ് നുണഞ്ഞതാവാം, ഗന്ധകത്തിന്റെ കുത്തിത്തുളക്കുന്ന രൂക്ഷഗന്ധം അനുഭവിച്ചതാവാം കാട്ടുകരടി പെട്ടെന്ന് മുന്നിലെത്തി ഞെട്ടിച്ചതാവാം അപൂർവമായെങ്കിലും ചെന്നായയുടെ ഓരിയിടൽ കേട്ടതാവാം മുന്നറിയിപ്പില്ലാതെ തെർമൽ ഗെയ്സീർ ചൂട് നീരുറവ ചീറ്റിച്ചതാവാം എന്തായാലും നിങ്ങൾ ഇതുവരെ അനുഭവിച്ചിടാത്തതൊന്നു നല്കിയിട്ടേ യെല്ലോസ്റ്റോൺ നിങ്ങളെ യാത്രയാക്കൂ .