പെരിന്തൽമണ്ണ
വ്യാജരേഖയുണ്ടാക്കി പണംതട്ടിയ കേസിൽ മുസ്ലിംലീഗ് നേതാവായ മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം കെ ഉമറുദ്ദീ (53)നെ കൊളത്തൂർ പൊലീസ് അറസ്റ്റ്ചെയ്തു. 33 വായ്പകളിലായി 63 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്. നിലവിൽ സസ്പെൻഷനിലുള്ള ഇയാളെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി കെ അസ്ലമിന്റെ പരാതിയിലാണ് അറസ്റ്റുചെയ്തത്. മലപ്പുറം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.
മെയ് 12ന് പെരിന്തൽമണ്ണ സഹകരണ അസി. രജിസ്ട്രാർ (ജനറൽ) പി ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കംപ്യൂട്ടർ ബാക്ക് സൈറ്റ് ലോഗിൻ ചെയ്ത് വ്യാജ സ്ഥിരനിക്ഷേപമുണ്ടാക്കി അതിൽനിന്ന് വായ്പയെടുക്കുകയായിരുന്നു. സ്ഥിരനിക്ഷേപത്തിൻമേൽ നൽകിയ വായ്പകളുടെ രശീതി ബാങ്കിൽ കണ്ടെത്താനായില്ല. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഉമറുദ്ദീനെ ബാങ്ക് ഭരണസമിതി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഉമറുദ്ദീന്റെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാവാൻ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച കൊളത്തൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയുടെ ഭർത്താവായ ഉമറുദ്ദീൻ 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുലാമന്തോൾ പഞ്ചായത്തിൽ മുസ്ലിംലീഗ് സ്ഥാനാർഥിയായിരുന്നു. മുമ്പും ഇതേ രീതിയിൽ പണംതട്ടിയ ജീവനക്കാരനെ ബാങ്ക് പിരിച്ചുവിട്ടിരുന്നു. തമിഴ്നാട്ടിൽനിന്ന് കൊപ്ര ഇറക്കുമതിചെയ്ത് തിരിമറി നടത്തിയ പരാതിയിലും ജീവനക്കാർക്കെതിരെ സഹകരണ വകുപ്പ് നടപടിയെടുത്തിരുന്നു.