തിരുവനന്തപുരം
ഭീമൻ തമോഗർത്തങ്ങളിൽനിന്നുള്ള ഗുരുത്വാകർഷണ തരംഗത്തിന്റെ ആരവം കണ്ടെത്തി മലയാളികളടങ്ങുന്ന അന്താരാഷ്ട്ര ശാസ്ത്രസംഘം. ലോകത്തെ ആറ് വലിയ റേഡിയോ ടെലിസ്കോപ്പുകളുടെ സഹായത്തോടെ വർഷങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് കണ്ടെത്തൽ. പ്രപഞ്ച ഗവേഷണങ്ങളിൽ വഴിത്തിരിവാകുമെന്നാണ് നീരീക്ഷണം.
ക്ഷീരപഥത്തിലെ ഇരട്ട തമോഗർത്തങ്ങളിൽനിന്നുള്ള തരംഗങ്ങളെയാണ് ഇവർ തിരിച്ചറിഞ്ഞത്. ആവൃത്തി കുറഞ്ഞ ഗുരുത്വാകർഷണ തരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമായ പൾസാർ ടൈമിങ് അറേയുടെ ഭാഗമായുള്ള കണ്ടെത്തൽ വ്യാഴാഴ്ച അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു.
പരസ്പരം ഭ്രമണം ചെയ്യുന്ന തമോഗർത്തങ്ങളെയാണ് സംഘം നിരീക്ഷണ വിധേയമാക്കിയത്. ഇവയിൽനിന്നുള്ള ഗുരുത്വാകർഷണ തരംഗങ്ങളുടെ ആവൃത്തി വളരെ കുറവാണ്. എന്നാൽ, ഇവയുടെ തരംഗദൈർഘ്യം പ്രകാശ വർഷങ്ങൾ നീളുന്നതും. അതുകൊണ്ടുതന്നെ ഇവയുടെ സാന്നിധ്യം തിരിച്ചറിയുക പ്രയാസകരമാണ്. പൾസാർ ന്യൂട്രോൺ നക്ഷത്രങ്ങളിൽനിന്ന് ഇടവേളകളിൽ എത്തുന്ന പ്രകാശത്തേയും ശാസ്ത്രസംഘം അളവുകോലാക്കി. ഇതുവഴിയാണ് നാനോ-ഹെർട്സ് ഗുരുത്വാകർഷണ തരംഗങ്ങളുടെ ആരവം തിരിച്ചറിഞ്ഞത്.
ഇന്ത്യ, യുഎസ്, കാനഡ, യൂറോപ്പ് തുടങ്ങിയിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണത്തിൽ പങ്കാളികളായത്. ഇന്ത്യൻ പൾസർ ടൈമിങ് അറേയുടെ അധ്യക്ഷൻ പ്രൊഫ. എ ഗോപകുമാർ, ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ ആസ്ട്രോണമിയിലെ ഗവേഷകനായ ഡോ. എം എ കൃഷ്ണകുമാർ, യുഎസ് വിസ്കോൺസിൻ സർവകലാശാല-ാ പോസ്റ്റ്ഡോക്റ്ററൽ ഫെലോ അഭിമന്യു സുശോഭനൻ, ഹൈദരാബാദ് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകൻ കെ നോബിൾസൺ, ഐസർ കൊൽക്കത്തയിലെ ഫസൽ കരീം എന്നിവരാണ് ഗവേഷക സംഘത്തിലെ മലയാളികൾ.
പുനെ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സിലെ ജയന്റ് മെട്രോവേവ് റേഡിയോ ടെലിസ്കോപ്പ് പുതിയ കണ്ടെത്തലിന് നിർണായക വിവരങ്ങൾ ലഭ്യമാക്കി.