തിരുവനന്തപുരം
ഏക സിവിൽകോഡ് നടപ്പാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് പാളയം ഇമാം ഡോ. സുഹൈബ് മൗലവി ആവശ്യപ്പെട്ടു. പാളയം പള്ളിയിൽ ബലിപെരുന്നാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഏക സിവിൽകോഡ് നടപ്പാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും വൈവിധ്യങ്ങൾക്കുമെതിരെയുള്ള വെല്ലുവിളിയാകും. ഭരണഘടനയുടെ 25–-ാം അനുച്ഛേദം മുന്നോട്ടുവയ്ക്കുന്ന മൗലികാവകാശങ്ങളാണ് ഇതിലൂടെ ഹനിക്കപ്പെടുന്നത്. പൊതു സിവിൽകോഡിന്റെ നിയമനിർമാണം ശരി അത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസങ്ങൾ സൃഷ്ടിക്കും.
മണിപ്പുരിലെ മർദിത ജനവിഭാഗങ്ങൾക്ക് ഇമാം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ഗോത്രവർഗ സംഘർഷങ്ങളുടെ തുടച്ചയായി ഇപ്പോഴത്തെ കലാപങ്ങളെ വിലയിരുത്താനാകില്ല. മണിപ്പുരിലെ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കൃത്യമായ ധ്രുവീകരണം സംഭവിച്ചിട്ടുണ്ട്. ജനങ്ങളെ മതപരമായി വിഭജിച്ച് അധികാരം നിലനിർത്തുന്ന അജൻഡകളിൽനിന്ന് ഭരണകൂടം പിൻമാറിയാലേ ശരിയായ സമാധാനം നിലനിൽക്കൂ.വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മലയാളികൾക്കിടയിൽ നിലനിൽക്കുന്ന സ്നേഹവും സൗഹാർദവും തകർക്കാനുള്ള ശ്രമമായിരുന്നു കേരള സ്റ്റോറി സിനിമയിലൂടെ നടന്നത്. ഐഎസിനെയും തീവ്രവാദത്തെയും ആരും പ്രോത്സാഹിപ്പിക്കുന്നില്ല. ഐഎസ് ഇസ്ലാമല്ലെന്ന് ഇസ്ലാമിക സംഘടനകൾ കൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ബലിപെരുന്നാൾ സന്ദേശത്തിൽ വ്യക്തമാക്കി.