മുംബൈ
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടറാകാൻ അജിത് അഗാർക്കർ. ബിസിസിഐ സെലക്ഷൻ സമിതി തലവനായി അഗാർക്കർ അടുത്തമാസം ആദ്യം ചുമതലയേൽക്കും. നാളെയാണ് ക്രിക്കറ്റ് ഉപദേശസമിതിയുമായുള്ള അഭിമുഖം. കഴിഞ്ഞ രണ്ടുതവണയും ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ സെലക്ടർ സ്ഥാനത്തേക്ക് പേരു നൽകിയിരുന്നു. വനിതാ ക്രിക്കറ്റ് ടീം കോച്ചിനെയും ഉടൻ തെരഞ്ഞെടുക്കും.
ചേതൻ ശർമ ഒളികാമറ വിവാദത്തിൽപ്പെട്ട് പുറത്തായതോടെ സെലക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുൻ ഓപ്പണർ ശിവസുന്ദർ ദാസാണ് താൽക്കാലികമായി സ്ഥാനത്തുള്ളത്. രണ്ട് ട്വന്റി 20 ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും പരാജയപ്പട്ടതോടെ സെലക്ഷൻ സമിതിക്കെതിരെ വൻ വിമർശമുയർന്നിരുന്നു. ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പാണ് പുതിയ സെലക്ഷൻ സമിതിയുടെ വലിയ വെല്ലുവിളി. അതിനുമുമ്പ് ഏഷ്യാ കപ്പുമുണ്ട്.
ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകസംഘത്തിലായിരുന്നു അഗാർക്കർ. കഴിഞ്ഞദിവസം ടീമുമായി വേർപിരിഞ്ഞു.
ഇന്ത്യക്കായി 26 ടെസ്റ്റിലും 191 ഏകദിനത്തിലും നാല് ട്വന്റി 20യിലും കളിച്ചിട്ടുണ്ട്. നിലവിലെ സെലക്ഷൻ സമിതിയിലെ നാലംഗങ്ങൾക്കുംകൂടി 55 രാജ്യാന്തരമത്സരങ്ങളിലാണ് ആകെ പരിചയം. അഗാർക്കർ 42 ഐപിഎൽ മത്സരങ്ങളും കളിച്ചിട്ടുണ്ട്.