തൃശൂർ
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ ആലപ്പുഴ തൃക്കുന്നപ്പുഴ മംഗലം മാധവ മന്ദിരത്തിൽ നിർമൽ മാധവ് (32), റാഗിങ് കേസിലും പിടികിട്ടാപ്പുള്ളി. ഈ കേസിൽ തുടർനടപടിക്കായി ഉടൻ പ്രൊഡക്ഷൻ വാറണ്ട് അയക്കാൻ ചെറുതുരുത്തി പൊലീസ് വടക്കാഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ദേശമംഗലം മലബാർ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളെ റാഗ് ചെയ്ത കേസിലാണ് നിർമൽ മാധവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് പഠിക്കുമ്പോൾ ജൂനിയർ വിദ്യാർഥികളെ റാഗ്ചെയ്തതായി പ്രിൻസിപ്പലിന്റെ പരാതിപ്രകാരമാണ് ചെറുതുരുത്തി പൊലീസ് കേസെടുത്തത്. ഇയാൾ 2012 ഒക്ടോബർ 10 മുതൽ 2013 ഫെബ്രുവരി 18 വരെ പല ദിവസങ്ങളിലായി ജുനിയർ വിദ്യാർഥികളായ ഹർഷാദ്, മുക്താർ, സാബിക്, മനുജോർജ് എന്നിവരെ പെൺകുട്ടികളുടെ മുന്നിൽവച്ച് റാഗ് ചെയ്തു. നിരവധിതവണ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. കേസിൽ 2013 സെപ്തംബർ ഒമ്പതിന് അറസ്റ്റ് ചെയ്തു. ജാമ്യമെടുത്ത് മുങ്ങിയ നിർമൽ പിന്നീട് ഹാജരായില്ല. ഇതേതുടർന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. എടപ്പറ്റ പാറമ്മൽ മുഹമ്മദാലി (41)യെ ഗൂഡല്ലൂരിലേക്ക് തട്ടിക്കൊണ്ടുപോയ കേസിലാണ് കഴിഞ്ഞ ദിവസം നിർമൽ മാധവ് അടക്കമുള്ള ക്വട്ടേഷൻ സംഘം അറസ്റ്റിലായത്. ഇവർ പെരിന്തൽമണ്ണ സബ്ജയിലിൽ റിമാൻഡിലാണ് .
2011ൽ ഉമ്മൻചാണ്ടി സർക്കാർ നിർമൽ മാധവിന് അനധികൃതമായി കോഴിക്കോട് ഗവ. എൻജിനിയറിങ് കോളേജിൽ പ്രവേശനം നൽകിയിരുന്നു. ഇതിനെതിരെ കോഴിക്കോട് സമരംചെയ്ത വിദ്യാർഥികൾക്കുനേരെ പൊലീസ് വെടിയുതിർത്തു. അക്കാലത്ത് കോൺഗ്രസിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും പ്രിയപ്പെട്ടവനായിരുന്നു നിർമൽ.