മായന്നൂർ
ലോകത്തിന്റെ ശ്വാസകോശമായ ആമസോണിന്റെ ഹൃദയമിടിപ്പുതേടിയുള്ള യാത്രയ്ക്കുള്ള പുറപ്പാടിലാണ് സംവിധായകൻ ലാൽ ജോസ്. ദിവസങ്ങൾക്കുമുമ്പാണ് ജപ്പാൻ സന്ദർശത്തിനുശേഷം മടങ്ങിയെത്തിയത്. ഈ യാത്രയുടെ മാധുര്യം മായുംമുമ്പേയാണ് ആമസോൺ തേടിപ്പോകുന്നത്. തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങി. ബെന്നീസ് റോയൽ ടൂറിനൊപ്പമാണ് യാത്ര. ആകെ 20 ദിവസമാണ് യാത്ര. മാച്ചു പിച്ചു, സ്റ്റാച്യു ഓഫ് ദ ക്രൈസ്റ്റ് ദ റെഡീമർ, ഇഗ്വാസു വെള്ളച്ചാട്ടം, ഹൈർബർ ഓഫ് റയോ ഡി ജെനിറോ എന്നീ ലോകമഹാത്ഭുതങ്ങളും സന്ദർശിക്കും. റയോ ഡി ജെനിറോ, ബ്രൂണെസ് ഐറിസ്, ലിമ, കുസ്കോ, സാന്റിയാഗോ, സാവോ പോളോ, മോണ്ടിവിഡിയോ എന്നിവയും യാത്രയുടെ ഭാഗമാണ്. ബ്രസീൽ, പെറു, ചിലി, അർജന്റീന, പരാഗ്വ, ഉറുഗ്വ എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ച് മടങ്ങിയെത്താനാണ് പ്ലാൻ.
പഠനകാലത്ത് അവധി ദിവസങ്ങളിൽ കൗതുകമുള്ള സ്ഥലപ്പേരുകൾ കാണുന്ന ബസിൽ കയറിയുള്ള യാത്രകളായിരുന്നു ആദ്യം. പിന്നീട് മദ്രാസിലേക്ക് ജീവിതമാർഗം തേടിയുള്ള യാത്ര നിർണായകവുമായി. വലിയൊരു കാൻവാസിൽ ഒരു നോവൽ ആസ്പദമാക്കിയുളള ചലച്ചിത്രമാണ് അടുത്ത പ്രോജക്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള മേച്ചേരി വീട്ടിലിരുന്ന് ലാൽ ജോസ് സ്വപ്നംകാണുന്നത് അടുത്തയാത്രകളാണ്.