വടകര
നഗരസൗന്ദര്യവൽക്കരണത്തിന് വടകര നഗരസഭ നട്ട് വളർത്തിയ ചെടിക്കൊപ്പം നിന്ന പാഴ്ചെടിയെ കഞ്ചാവാക്കിയ മനോരമ വാർത്ത പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ. ‘റോഡരികിൽ നഗരസഭയുടെ വക കഞ്ചാവ് കൃഷി’ എന്ന തലക്കെട്ടിലാണ് ബുധനാഴ്ച വാർത്ത പ്രസിദ്ധീകരിച്ചത്. പഴയ ബസ് സ്റ്റാൻഡിനുസമീപത്തെ ചെടിച്ചട്ടിയിൽ നഗരസഭ കഞ്ചാവ് ചെടി വളർത്തുന്നുവെന്നായിരുന്നു വാർത്ത. ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയെ ഇകഴ്ത്തിക്കാട്ടാനായിരുന്നു യുഡിഎഫ് പത്രത്തിലെ ഈ നുണമരുന്ന് പ്രയോഗം.
അതിന് മുമ്പ് തന്നെ പൊലീസ് ഈ ചെടി സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധിച്ച് കഞ്ചാവല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അത് അറിഞ്ഞിട്ടും മനോരമയ്ക്കത് കഞ്ചാവായത് എങ്ങനെ എന്നാണ് നാട്ടുകാരുടെ ചോദ്യം. നഗരസൗന്ദര്യവൽക്കരണത്തിനായി ഒരുവർഷം മുമ്പാണ് 600 ചെടിച്ചട്ടി പഴയ ബസ് സ്റ്റാൻഡ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ നടപ്പാതയുടെ കൈവരികളിൽ സ്ഥാപിച്ചത്. വ്യാപാരികളും പൊതുജനങ്ങളും വലിയ പിന്തുണയും ഇതിന് ഉണ്ടായിരുന്നു. വ്യാജ വാർത്തയ്ക്കെതിരെ നഗരസഭയിലെ എൽഡിഎഫ് അംഗങ്ങൾ വെള്ളിയാഴ്ച നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും.