കോതമംഗലം
കോതമംഗലം സ്വദേശി ഫാ. ബെന്നി ഇടത്തട്ടേൽ അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതയിലെ നിയുക്ത ബിഷപ്. നാഗലാൻഡ് കൊഹിമ രൂപതയിലെ വികാരിയാണ് ഇദ്ദേഹം. വ്യാഴാഴ്ചയാണ് വത്തിക്കാനിൽനിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. ഇറ്റാനഗർ രൂപതയിലെ രണ്ടാമത്തെ ബിഷപ്പായാണ് ചുമതലയേൽക്കുന്നത്. മലയാളിയായ ബിഷപ് ജോൺ തോമസ് കാട്ടുകുടിയുടെ പിൻഗാമിയാകും അമ്പത്തിമൂന്നുകാരനായ ഇദ്ദേഹം. സ്ഥാനാരോഹണ തീയതി നിശ്ചയിച്ചിട്ടില്ല.
കുട്ടമ്പുഴ ഞായപ്പിള്ളി ഇടത്തട്ടേൽ പുൽപറമ്പിൽ പരേതരായ വർഗീസ് ചെറിയാൻ–-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കൊഹിമ രൂപതയിലെ ഗുഡ്ഷെപ്പേഡ് സെമിനാരിയിൽ ചേർന്നു. പ്രീഡിഗ്രിക്കുശേഷം ഷില്ലോങ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. 1999ലാണ് വൈദികപട്ടം സ്വീകരിച്ചത്.
നിലവിൽ ബേസിക് ക്രിസ്ത്യൻ കമ്യൂണിറ്റി ഡയറക്ടറും രൂപത പാസ്റ്ററൽ സെന്റർ ഡയറക്ടറുമാണ്. സഹാദരങ്ങൾ: സ്കറിയ, എൽസി, ജോസ്, ഫാ. സണ്ണി പുൽപറമ്പിൽ സിഎംഐ (കൊടുവേലി ആശ്രമം), സിസ്റ്റർ പ്രീതി (മുംബൈ), റാണി, സിസ്റ്റർ ഡോ. അനിറ്റ് (നാഗലാൻഡ്), ടോമി (ക്യാനഡ).