ന്യൂഡൽഹി
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ മാത്രം ലോക ക്രിക്കറ്റിനെ ഭരിക്കുന്നത് ഈ കളിയെ നശിപ്പിക്കുമെന്ന് വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയ്ൽ. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭൂരിഭാഗം മത്സരങ്ങളും കളിക്കുന്നത് ഈ മൂന്ന് ടീമുകളാണ്. വർഷങ്ങളായി ക്രിക്കറ്റ് മാറുകയാണ്. ഇതൊരു ബിസിനസായി മാറിക്കഴിഞ്ഞു. പണമെറിയുന്നത് ട്വന്റി 20 ലീഗുകളിൽ മാത്രമല്ല. ടെസ്റ്റും പണക്കൊഴുപ്പിലാണ്. വലിയ ടീമുകൾക്ക് വലിയ വരുമാനവും ചെറുടീമുകൾക്ക് ചെറിയ വരുമാനവുമാണ് ലഭിക്കുന്നത്. ചെറിയ ടീമുകൾക്ക് കൂടുതൽ മത്സരങ്ങൾ കളിക്കാനുള്ള അവസരമൊരുക്കണം. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണം. അല്ലെങ്കിൽ വിവേചനമാകും–- ഗെയ്ൽ പറഞ്ഞു.
ഇന്ത്യൻ വെറ്ററൻ പ്രീമിയർ ലീഗ് ഉദ്ഘാടത്തിനിടെയായിരുന്നു ഈ വെടിക്കെട്ട് ബാറ്ററുടെ പ്രതികരണം. വരും ലോകകപ്പിൽ വെസ്റ്റിൻഡീസ് കളിക്കുന്ന കാര്യത്തിൽ ആശങ്കയും ഗെയ്ൽ പ്രകടിപ്പിച്ചു. ‘യോഗ്യതാ റൗണ്ടിൽ കളിക്കേണ്ടിവന്നതിൽത്തന്നെ വിഷമമുണ്ടായിരുന്നു. നിലവിലെ സാഹചര്യം ഏറെ ദുഃഖിപ്പിക്കുന്നു. ഇന്ത്യയിൽ വിൻഡീസ് ടീം കളിക്കാനില്ലെങ്കിൽ വലിയ നിരാശയായിരിക്കും അതുണ്ടാക്കുക–- ഈ ഇടംകൈയൻ ബാറ്റർ വ്യക്തമാക്കി. ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഇന്ത്യ, പാകിസ്ഥാൻ ടീമുകൾക്കാണ് സെമി സാധ്യതയെന്നും ഗെയ്ൽ പറഞ്ഞു.