ലോർഡ്സ്
ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കാരൻ സ്റ്റീവൻ സ്മിത്തിന്റെ റൺവേട്ട തുടരുന്നു. ആഷസ് രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി സ്മിത്ത് ഒരുപിടി റെക്കോഡുകൾ സ്വന്തംപേരിലാക്കി. 99–-ാംടെസ്റ്റ് കളിക്കുന്ന മുപ്പത്തിനാലുകാരന്റെ പേരിൽ 32 സെഞ്ചുറിയായി. 9000 റണ്ണും തികച്ചു. ഇംഗ്ലണ്ടിനെതിരെ ഒന്നാംഇന്നിങ്സിൽ 416 റണ്ണിന് ഓസീസ് പുറത്തായി. സ്മിത്ത് നേടിയത് 110 റൺ. മറുപടിക്കെത്തിയ ഇംഗ്ലണ്ട് രണ്ടാംദിനം 45 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റണ്ണെടുത്തു.
ആദ്യദിനം 5–-339 റണ്ണിന് അവസാനിപ്പിച്ച ഓസീസിന് രണ്ടാംദിനം 77 റൺ കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. സ്മിത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് സ്കോർ 400 കടത്തിയത്. അവസാന ഏഴ് വിക്കറ്റ് 100 റണ്ണിനാണ് ഓസീസിന് നഷ്ടമായത്. ജോഷ് ടങ്ങും ഒല്ലീ റോബിൻസണും ഇംഗ്ലണ്ടിനായി മൂന്നുവീതം വിക്കറ്റെടുത്തു. രണ്ടാംദിനം 85 റണ്ണുമായി തുടങ്ങിയ സ്മിത്ത് വേഗംതന്നെ സെഞ്ചുറി പൂർത്തിയാക്കി. 169 പന്തിലായിരുന്നു നേട്ടം. 15 ഫോറുകളായിരുന്നു ആ ഇന്നിങ്സിൽ. നിലവിൽ കളിക്കുന്നവരിൽ കൂടുതൽ സെഞ്ചുറി സ്മിത്തിനാണ്. ആകെ പട്ടികയിൽ പതിനൊന്നാമതും. 51 സെഞ്ചുറിയുള്ള സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാമൻ. നിലവിൽ കളിക്കുന്നവരിൽ 30 സെഞ്ചുറിയുള്ള ജോ റൂട്ടാണ് സ്മിത്തിന് തൊട്ടുപിന്നിലുള്ളത്.
ഏറ്റവും വേഗത്തിൽ 9000 റൺ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ്. 174 ഇന്നിങ്സിൽനിന്നാണ് നേട്ടം. ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയുടെ പേരിലാണ് റെക്കോഡ്. 172 ഇന്നിങ്സിൽനിന്നായിരുന്നു സംഗക്കാര 9000 റൺ തികച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ 15000 റണ്ണും ഓസീസ് ബാറ്റർ പൂർത്തിയാക്കി. ഇംഗ്ലണ്ടിനെതിരെ 2000 റണ്ണും നേടി. ആഷസിലെ നാലാമത്തെ റൺവേട്ടക്കാരൻ. ഇംഗ്ലണ്ടിനെതിരെ 12 സെഞ്ചുറിയാണ് കുറിച്ചത്. സ്മിത്തിന്റെ സെഞ്ചുറി മാറ്റിനിർത്തിയാൽ രണ്ടാംദിനം ഓസീസിന് നിരാശയായിരുന്നു ഫലം. 22 റണ്ണെടുത്ത അലെക്സ് കാരിക്കുമാത്രമാണ് പിന്തുണ നൽകാൻ കഴിഞ്ഞത്.
മറുപടിക്കെത്തിയ ഇംഗ്ലണ്ട് പതിവുപോലെ ഏകദിന ശൈലിയിൽ ബാറ്റ് വീശി. സാക്ക് ക്രോളിയും (48 പന്തിൽ 48) ബെൻ ഡക്കെറ്റും (134 പന്തിൽ 98) മികച്ച തുടക്കമാണ് നൽകിയത്. ക്രോളിയെ സ്പിന്നർ നതാൻ ല്യോൺ പുറത്താക്കി. 100–-ാംടെസ്റ്റ് കളിക്കുന്ന ല്യോണിന് 496 വിക്കറ്റായി. ഒല്ലീ പോപ്പാണ് (63 പന്തിൽ 42)പുറത്തായ മറ്റൊരു ബാറ്റർ.