ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിന് നാലുമാസംമാത്രം ശേഷിക്കെ ഛത്തീസ്ഗഢിൽ മുതിർന്ന നേതാവ് ടി എസ് സിങ് ദേവിനെ കോൺഗ്രസ് ഹൈക്കമാൻഡ് ഉപമുഖ്യമന്ത്രിയാക്കിയത് ചേരിപ്പോര് തടയുകയെന്ന ലക്ഷ്യത്തോടെ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ടി എസ് സിങ് ദേവും വർഷങ്ങളായി സംസ്ഥാന കോൺഗ്രസിൽ രണ്ടു തട്ടിലാണ്.
2021ൽ മുഖ്യമന്ത്രിസ്ഥാനത്തിനായി ദേവ് നീക്കം നടത്തിയെങ്കിലും രാജിഭീഷണി അടക്കം ഉയർത്തി ബാഗേൽ പക്ഷം തടഞ്ഞു. ഇതോടെ ബാഗേലുമായി ടി എസ് സിങ് ദേവ് കൂടുതൽ അകന്നു. ഛത്തീസ്ഗഢിലെ സർഗുജ രാജകുടുംബാംഗമായ ദേവിന് സംസ്ഥാനത്ത് പല ഭാഗങ്ങളിലും നിർണായക സ്വാധീനമുണ്ട്. ഇതുകൂടി മുന്നിൽക്കണ്ടാണ് ദേവിനെ അനുനയിപ്പിക്കുന്നതിനായി വൈകിയാണെങ്കിലും ഹൈക്കമാൻഡ് ഉപമുഖ്യമന്ത്രിപദം വച്ചുനീട്ടിയത്.
സ്ഥാനം ലഭിച്ചതിൽ ദേവ് സന്തുഷ്ടനാണെങ്കിലും ബാഗേൽ പക്ഷം അസ്വസ്ഥതയിലാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബാഗേലിന് ടി എസ് സിങ് ദേവ് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് ഇതോടെ തീർച്ചയായി. ആഭ്യന്തരമന്ത്രിയും സംസ്ഥാന രാഷ്ട്രീയത്തിലെ മറ്റൊരു കരുത്തനുമായ താംരദ്വാജ് സാഹുവും ദേവിന് സ്ഥാനക്കയറ്റം നൽകിയതിൽ അസ്വസ്ഥനാണ്. സാഹുവിനുകൂടി ഉപമുഖ്യമന്ത്രിസ്ഥാനം നൽകേണ്ടിയിരുന്നുവെന്ന് ബാഗേൽ പക്ഷക്കാർ അഭിപ്രായപ്പെടുന്നുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കൊപ്പമാണ് ഛത്തീസ്ഗഢും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായുള്ള പോര് പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.