പുതുപ്പള്ളി > മനംമയക്കുന്ന കാഴ്ചയൊരുക്കി അരുവിക്കുഴി സഞ്ചാരികളെ കാത്തിരിക്കുന്നു. വേനലിന്റെ വരണ്ട നാളുകൾ അവസാനിച്ച് മഴ ശക്തമായതോടെ അരുവിക്കുഴി വെള്ളച്ചാട്ടം സജീവമായി. -പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറി പതനുരയുന്ന വെള്ളം ആരുടെയും മനം കുളിർപ്പിക്കും.
കോട്ടയംനഗരത്തിൽ നിന്ന് 18 കിലോമീറ്റർ അകലെ പള്ളിക്കത്തോട് പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം. നൂറടിയിൽ നിന്നു പതിക്കുന്ന വെള്ളച്ചാട്ടമാണ് അരുവിക്കുഴിയുടെ പ്രധാന അഴക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടം. പാണ്ഡവരുടെ വനവാസകാലത്ത് പാഞ്ചാലി അരി കഴുകിയപ്പോൾ ഉണ്ടായ കുഴിയാണ് അരുവിക്കുഴി എന്നാണ് ഐതിഹ്യം. റബര് തോട്ടങ്ങളെ വകഞ്ഞുമാറ്റി മഴക്കാലത്ത് അരുവിക്കുഴി നിറഞ്ഞുകവിയും.
വെള്ളച്ചാട്ടത്തിന്റെ മുകളില് നിന്ന് താഴെ വരെ എത്താവുന്ന പടികള്, ഇരിപ്പിടങ്ങള്, കോണ്ക്രീറ്റ് ഹട്ടുകള്, വെള്ളച്ചാട്ടത്തിന് താഴെ തോടിന് കുറുകെ പാലം തുടങ്ങിയ സൗകര്യങ്ങളും അരുവിക്കുഴിയെ വ്യത്യസ്തമാക്കുന്നു. വെള്ളച്ചാട്ടത്തിനു താഴെയായി പരന്നൊഴുകുന്ന വെള്ളവും പാറക്കെട്ടുകളും ഉള്ളതിനാൽ സഞ്ചാരികൾക്ക് ഭയമില്ലാതെ വെള്ളത്തിലിറങ്ങുന്നതിനും കഴിയും. സീസൺ ആയതോടെ അവധി ദിവസങ്ങളിൽ 500 നും 600 നുമിടയിൽ വിനോദ സഞ്ചാരികൾ ഇവിടെയെത്തുന്നു. 26 രൂപയാണ് ടിക്കറ്റ് നിരക്ക്. വയോജനങ്ങൾക്ക് സർക്കാരിന്റെ ടൂറിസം പദ്ധതി പ്രകാരം 50 ശതമാനം ഇളവുണ്ട്. അഞ്ചുവയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യമാണ്.