കോട്ടയം> ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസി അന്തിമ റിപ്പോർട്ട് 30ന് പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. ഇവർ കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മണിമല, എരുമേലി തെക്ക് വില്ലേജുകളിൽ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ച സ്ഥലത്തിന്റെ ഉടമകളിൽനിന്നും പൊതുജനങ്ങളിൽനിന്നും അഭിപ്രായം തേടി രണ്ട് ഹിയറിങ് നടത്തിയിരുന്നു. ഇവിടെ ഉയർന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നത്.
റിപ്പോർട്ട് പ്രസിദ്ധീകരിച്ചാലുടൻ വിദഗ്ധ സമിതി ഇതേക്കുറിച്ച് പഠനം നടത്തും. ഇതിനായി എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അസി. പ്രൊഫ. ഡോ. എം വി ബിജുലാലിന്റെ നേതൃത്വത്തിൽ ഏഴംഗ വിദഗ്ധ സമിതിയെ സർക്കാർ നിശ്ചയിച്ചിരുന്നു. 20 പദ്ധതികളുടെ വിദഗ്ധസമിതിയിൽ അംഗമായിട്ടുള്ളയാളാണ് ഡോ. ബിജുലാൽ.
വിമാനത്താവള പദ്ധതി യാഥാർഥ്യമാകുമ്പോൾ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ അത് ഏതെല്ലാം തരത്തിലായിരിക്കും ബാധിക്കുക എന്നാണ് സമിതി പ്രധാനമായും പഠിക്കുന്നത്. കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകൾ, ഗതാഗതം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചും പുനരധിവാസത്തെ സംബന്ധിച്ചും പഠിച്ച് സർക്കാരിന് ശുപാർശ നൽകും. രണ്ട് സാമൂഹ്യ ശാസ്ത്രജ്ഞരും രണ്ട് പുനരധിവാസ വിദഗ്ധരും രണ്ട് തദ്ദേശസ്ഥാപന ജനപ്രതിനിധികളും കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും അടങ്ങുന്ന വിദഗ്ധസമിതിയോട് രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പദ്ധതി കൺസൾട്ടന്റായ അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സർവീസസ് പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക പഠനം നടത്തിയിരുന്നു.