തിരുവനന്തപുരം> സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യത്തിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം പിൻവലിച്ചു. ഈ സാമ്പത്തിക വർഷത്തെ സറണ്ടർ ചെയ്യാവുന്ന ആർജിതാവധി (ഏൺഡ് ലീവ്) തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരുംവിധം പിഎഫിൽ ലയിപ്പിക്കാനാണ് തീരുമാനം.
ഇങ്ങനെ ലയിപ്പിക്കുന്ന തുക നാലുവർഷത്തിനുശേഷമേ പിൻവലിക്കാനാകൂ എന്ന വ്യവസ്ഥ കഴിഞ്ഞവർഷംതന്നെ നിലവിൽവന്നിരുന്നു. എന്നാൽ, പിഫ് അക്കൗണ്ട് ക്ലോസ് ചെയ്തവർ, പിഎഫ് ഇല്ലാത്തവർ, താൽക്കാലികക്കാർ ഉൾപ്പെടെ ആർജിതാവധി തുകയ്ക്ക് അർഹരായവർക്ക് ജൂലൈ ഒന്നുമുതൽ ആനുകൂല്യം പണമായി പിൻവലിക്കാം. പ്രളയത്തിന്റെയും കോവിഡിന്റെയും ഭാഗമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഏർപ്പെടുത്തിയിരുന്ന സറണ്ടർ ആനുകൂല്യ നിയന്ത്രണം കഴിഞ്ഞവർഷം സർക്കാർ പിൻവലിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ പൊതുവിൽ ലീവ് സറണ്ടർ ആനുകൂല്യം നിർത്തലാക്കി. വിരമിക്കുന്ന സമയത്ത് സറണ്ടർ ചെയ്യാനാകുന്ന ലീവും (ടെർമിനൽ സറണ്ടർ) പരിമിതപ്പെടുത്തുകയോ നിർത്തലാക്കുകയോ ചെയ്തു.ഈ സാഹചര്യത്തിലും കേരളത്തിൽ ലീവ് സറണ്ടർ ആനുകൂല്യം നിലനിർത്തുന്നത് ജീവനക്കാർക്ക് വലിയ ആശ്വാസമാണ്. പിഎഫിൽ ലയിപ്പിക്കുന്ന തുകയ്ക്ക് ലോക്ഡൗൺ കാലത്ത് പലിശയും ലഭിക്കും.