കൊച്ചി> അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യവ്യാപകമായി പെട്രോൾ പമ്പുകൾ തുറക്കാനുള്ള സ്വകാര്യ ഡീലർഷിപ് ക്ഷണിച്ച് പൊതുമേഖലാ എണ്ണക്കമ്പനികളുടെ പരസ്യം. റിലയൻസ്, എസ്സാർ തുടങ്ങിയ വൻകിട സ്വകാര്യ എണ്ണക്കമ്പനികളുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് കൂടുതൽ ഇന്ധനവിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ വാദം. എന്നാൽ, അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചോദിക്കുന്നവർക്കെല്ലാം പമ്പ് അനുവദിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്ന് പെട്രോളിയം വ്യാപാരികൾ ആരോപിക്കുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 2018ൽ വ്യാപകമായി പമ്പുകൾ അനുവദിച്ചതിൽ ഗുരുതര അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.
പമ്പുകൾ തുറക്കാൻ അപേക്ഷ ക്ഷണിച്ചുള്ള പരസ്യം പ്രാദേശിക ഭാഷാപത്രങ്ങളിൽ ഉൾപ്പെടെ വന്നുകഴിഞ്ഞു. മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിലായി സംസ്ഥാനത്ത് പുതുതായി 1500 പമ്പുകൾ തുറക്കാനാണ് പദ്ധതി. ഇതിനുപുറമെ എസ്സാർ ഗ്രൂപ്പിന്റെ നയാര, റിലയൻസിന്റെ ജിയോ പമ്പുകളും വരുന്നു. നൂറിലേറെ പമ്പുകൾ തുറക്കാനാണ് ഇവരുടെ നീക്കം. സംസ്ഥാനത്ത് പുതിയ റോഡുകളും നഗരകേന്ദ്രങ്ങളും വികസിച്ചുവരുന്നതിന്റെ ഭാഗമായാണ് പമ്പുകളുടെ എണ്ണം കൂട്ടുന്നതെന്നാണ് വിശദീകരണം.
സ്വന്തമായോ പാട്ടത്തിനോ സ്ഥലമെടുത്തുനൽകുന്ന ആർക്കും പമ്പ് അനുവദിക്കുന്നത് നിലവിലെ ഡീലർമാരെ തകർക്കുമെന്ന് സ്വകാര്യ പമ്പുടമകൾ പറയുന്നു. സംസ്ഥാനത്ത് ഇപ്പോൾത്തന്നെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിൽ 2446 പമ്പ് പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ എണ്ണക്കമ്പനികളുടെ 212 പമ്പുകൾ വേറെ. കഴിഞ്ഞ ഏപ്രിലിലെ കണക്കാണിത്. ഇതിനുപുറമെയാണ് 1500 പമ്പുകൾകൂടി തുറക്കുന്നത്. ഡീലർഷിപ്പിനുള്ള അപേക്ഷ ഓൺലൈനായി നൽകാനുള്ള അവസാന തീയതി സെപ്തംബർ 27 ആണ്.
2018ൽ വൻതോതിൽ പമ്പുകൾ സംസ്ഥാനത്ത് അനുവദിച്ചെങ്കിലും പലതും പൂട്ടിപ്പോയി. ദൂരപരിധി പാലിക്കാതെയാണ് പമ്പുകൾ അനുവദിച്ചത്. ഇടനിലക്കാർക്ക് കൈക്കൂലിയായും ലക്ഷങ്ങൾ നൽകേണ്ടിവന്നു. കേന്ദ്രസർക്കാരിൽ സ്വാധീനമുള്ള പാർടികളുടെ ജില്ലാ ഭാരവാഹികളാണ് ഇടനിലക്കാരായി രംഗത്തുവന്നത്. പൊതുതെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട് കോടികൾ അന്ന് സമാഹരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.