ന്യൂഡൽഹി > ബലിപെരുന്നാൾ ദിവസം പ്രവൃത്തിദിനമാക്കി ഉത്തരവിറക്കി ഡൽഹി സർവകലാശാല. പെരുന്നാൾദിനമായ ജൂൺ 29 സാധാരണ പോലെ പ്രവൃത്തിദിനമായിരിക്കുമെന്നാണ് സർവകലാശാല അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി നടത്തുന്നതിനായാണ് ഇത്തരമൊരു തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിറക്കിയാണ് പെരുന്നാള്‍ദിവസം സര്‍വകലാശാല പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക് ഇതില്‍നിന്ന് ഒഴിവുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ഡൽഹി യൂണിവേഴ്സിറ്റി ശതാബ്ദി ആഘോഷങ്ങളുടെ സമാപനമാണ് ജൂൺ 30ന്. ഇതിൽ നരേന്ദ്ര മോദിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഇതിനു മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കാനാണ് ഇത്തരത്തിൽ പെരുന്നാൾ അവധി ഒഴിവാക്കുന്നതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഉത്തരവിനെതിരെ അധ്യാപകർ രംഗത്തെത്തിയിട്ടുണ്ട്. ജൂൺ 29 കേന്ദ്ര ഗസറ്റിൽ വ്യക്തമാക്കിയ നിർബന്ധിത ഈദുൽ അദ്ഹാ അവധിദിനമാണെന്ന് ഡെമോക്രാറ്റിക് ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. മുൻപ് തന്നെ ഗസറ്റിൽ നിശ്ചയിച്ചിട്ടുള്ള അവധിയാണിതെന്നും ഇത് ചില വിഭാഗങ്ങളോടു മാത്രമുള്ള വിവേചനപരമായ സമീപനമാണെന്നും അധ്യാപകർ പറയുന്നു.