തിരുവനന്തപുരം
സെക്രട്ടറിയറ്റ് വളപ്പിൽ വിഷരഹിത പച്ചക്കറി വിളയിക്കും. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വെണ്ട, തക്കാളി, വഴുതന, പച്ചമുളക് തൈകളാണ് നട്ടത്. പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറിത്തൈകൾ എന്നിവ 1076 കൃഷിഭവനുകളിലൂടെ സൗജന്യമായി നൽകും. 25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും ഒരുകോടി ലക്ഷം പച്ചക്കറിത്തൈകളും ദീർഘകാല പച്ചക്കറി വിളകളുടെ (മുരിങ്ങ, കറിവേപ്പ്, അഗത്തി ചീര) രണ്ടു ലക്ഷം തൈകളും പദ്ധതിയിലൂടെ വിതരണം ചെയ്യും.
ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായി. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, എം ബി രാജേഷ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ, വീണാ ജോർജ്, കൃഷി ഡയറക്ടർ കെ എസ് അഞ്ജു, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ എൽ ആർ ആരതി, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.