കൊച്ചി
മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. സുധാകരന്റെ പങ്കാളിത്തം, ഒന്നാംപ്രതി മോൻസൺ മാവുങ്കലുമായുള്ള അടുത്തബന്ധം എന്നിവ വ്യക്തമാക്കുന്ന വീഡിയോ, ഓഡിയോ തെളിവുകളുൾപ്പെടെ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. സുധാകരന്റെ മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുമ്പോൾ സുപ്രധാന തെളിവുകൾ ഹൈക്കോടതിയിൽ അന്വേഷകസംഘം സമർപ്പിക്കും. ഹർജി പരിഗണിച്ചശേഷമാകും സുധാകരനെ വീണ്ടും ചോദ്യംചെയ്യുക. വിശദമായി ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും കോടതിയെ ബോധ്യപ്പെടുത്തും. ജൂലൈ ആദ്യവാരമാകും ഹർജി പരിഗണിക്കുക.
മോൻസണിൽനിന്ന് 15 ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയ, സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എബിൻ എബ്രഹാമിനെയും ഉടൻ കസ്റ്റഡിയിലെടുക്കും. എറണാകുളം ജില്ലയിലെ ഒരു കോൺഗ്രസ് പ്രവർത്തകനും സുധാകരന്റെ ഇടനിലക്കാരനായി നിന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. എബിൻ കൈപ്പറ്റിയ അത്രയും ഭീമമായ തുക ഇയാളും മോൻസണിൽനിന്ന് വാങ്ങിയിട്ടുണ്ട്. ഈ പണമെല്ലാം സുധാകരനുവേണ്ടിയാണ് ഇവർ വാങ്ങിയതെന്നാണ് വിവരം. രണ്ടുപേരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
സുധാകരനെ അടുത്തതവണ ചോദ്യംചെയ്യുമ്പോൾ പരാതിക്കാർക്കുപുറമേ ഇവരെയും ഒപ്പമിരുത്തും. കേസിലെ മൂന്നാം പ്രതിയായ ഐജി ജി ലക്ഷ്മൺ, നാലാം പ്രതി മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെയും ഉടൻ ചോദ്യംചെയ്യും.
പ്രതിരോധം പൊളിഞ്ഞെന്ന് കോൺഗ്രസ് നേതാക്കൾ
തലപ്പത്തിരിക്കുന്ന നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണവും അതിന്മേലുള്ള അന്വേഷണവും നേരിടാൻ ദുർബലവാദംകൊണ്ടാകില്ലെന്ന വിമർശം കോൺഗ്രസിൽ ശക്തം. മുതിർന്ന നേതാക്കൾതന്നെ ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് സൂചന നൽകിയതായാണ് വിവരം. തൽക്കാലം ഇങ്ങനെ പോകട്ടെ, കൂടുതൽ വിവരം പുറത്തുവരുമ്പോൾ മറ്റുകാര്യം ആലോചിക്കാമെന്ന നിലപാടിലാണ് ഹൈക്കമാൻഡും. അന്വേഷണം വന്നയുടനെ മാറ്റുന്നത് തിരിച്ചടിക്കുമെന്ന ഉപദേശവും നേതാക്കൾക്കുണ്ട്.
പ്രതികാര നടപടിയാണെന്നും ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഇത്തരം കേസ് കുത്തിപ്പൊക്കുന്നതെന്നുമാണ് വി ഡി സതീശൻ നിരന്തരമായി ഉന്നയിക്കുന്നത്. എന്നാൽ, ഇതുവരെ വസ്തുതാപരമായി ഒരു ആരോപണം ഇവരുന്നയിച്ചിട്ടില്ല. കേസുകൊടുക്കുമെന്ന് പറഞ്ഞുപോയതിന്റെ സമ്മർദത്തെതുടർന്ന് എഐ ക്യാമറ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിപക്ഷം ആഗ്രഹിച്ചതുപോലെ ഒന്നും നടന്നില്ല. പദ്ധതിയുടെ ആവശ്യവും ഉപയോഗിച്ച സംവിധാനത്തിന്റെ പ്രാധാന്യവും കോടതി രണ്ടുതവണ എടുത്തുപറഞ്ഞു. സാങ്കേതിക പ്രശ്നങ്ങളുണ്ടാകാം, അത് പരിഹരിച്ചു പോകണം എന്നുകൂടി പറഞ്ഞതോടെ കൊട്ടിഘോഷിച്ച ആക്ഷേപങ്ങളുടെ പൊള്ളത്തരം ജനങ്ങൾക്ക് ബോധ്യമായി. മറ്റ് ആരോപണങ്ങളുടെയും നിജസ്ഥിതി ഇതുതന്നെ.
എന്നാൽ, വ്യക്തമായ തെളിവിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ എടുത്ത കേസാണ് വി ഡി സതീശന്റെ പുനർജനി തട്ടിപ്പ്. കേസെടുത്തതോടെ സതീശന്റെ കൂടുതൽ തട്ടിപ്പും അതിനുള്ള തെളിവും കോൺഗ്രസുകാരാണ് വിജിലൻസിനെ അറിയിക്കുന്നത്. പോക്സോ കേസിൽ കടുത്ത ശിക്ഷകിട്ടിയ കൊടുംകുറ്റവാളി മോൻസൺ മാവുങ്കലിനൊപ്പമുള്ള ചങ്ങാത്തവും അവിടെ നടത്തിയ അനധികൃത ഇടപാടുമാണ് സുധാകരനിലേക്ക് അന്വേഷണമെത്തിച്ചത്. ഇതിന് മറുപടിയില്ലാതായപ്പോൾ, സമൂഹമാധ്യമങ്ങളിലെ കെട്ടുകഥകളെവരെ കൂട്ടുപിടിക്കേണ്ട ഗതികേടിലായി സതീശൻ.
എന്നാൽ, സാഹചര്യം കോൺഗ്രസിനും യുഡിഎഫിനും പിന്നോട്ടടിയാണെന്ന വിലയിരുത്തലിലാണ് എംപിമാർ അടക്കമുള്ളവർ. കേവലം പ്രതികാരനടപടിയെന്നു പറഞ്ഞ് ജനങ്ങളെ സമീപിക്കാനാകുമോ എന്ന ചോദ്യം ഇവർ ഉയർത്തുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച ഉയർത്താനാണ് ഗ്രൂപ്പ് നേതാക്കൾ ശ്രമിക്കുന്നത്.