ന്യൂഡൽഹി
ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ജൂലൈ ഒന്നിന് ഉത്തരവ് നൽകുമെന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് ഹർജീത് സിങ് ജസ്പാൽ അറിയിച്ചു. ചൊവ്വാഴ്ച കുറ്റപത്രം പരിഗണിച്ചെങ്കിലും ആയിരത്തഞ്ഞൂറോളം പേജുള്ളതിനാൽ കുറഞ്ഞത് രണ്ടുദിവസമെങ്കിലും പഠിക്കാനായി വേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു.
ഡൽഹി പൊലീസിന്റെ അപേക്ഷ പരിഗണിച്ച് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് മഹിമ റായ് ആണ് ലൈംഗികാതിക്രമ കേസ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ടിന് കൈമാറിയത്.
തെരുവിൽ സമരം അവസാനിപ്പിച്ച താരങ്ങൾ കോടതിയിൽ പോരാട്ടം തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, താൻ ഇപ്പോൾ അതീവ സന്തോഷവാനാണെന്നും ‘പ്രശ്നം’ തണുക്കാൻ കാത്തിരിക്കുകയാണെന്നും ബ്രിജ് ഭൂഷൺ ഒരു അഭിമുഖത്തിൽ പറഞ്ഞു. പ്രക്ഷോഭം കാരണം ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാചര്യമാണെന്നും അത് സർക്കാർ ജോലി കിട്ടുന്നതിൽ അവർക്ക് തടസ്സമാകുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.