കൊച്ചി
വ്യാജ ബിരുദസർട്ടിഫിക്കറ്റ് കേസിലെ പ്രതികളുമായി കൊച്ചി പാലാരിവട്ടത്ത് ഓറിയോൺ സൊല്യൂഷൻസിൽ പൊലീസ് തെളിവെടുപ്പ് നടത്തി.
കായംകുളം എംഎസ്എം കോളേജിൽ വ്യാജ ബിരുദസർട്ടിഫിക്കറ്റിൽ എംകോം പ്രവേശനം നേടിയെന്ന കേസിലെ ഒന്നാംപ്രതി നിഖിൽ തോമസ്, രണ്ടാംപ്രതി അബിൻ സി രാജ് എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
നിലവിൽ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല. ഓറിയോൺ മുഖാന്തരമാണ് വ്യാജ സർട്ടിഫിക്കറ്റ് പ്രതികൾ കൈക്കലാക്കിയത്. രണ്ടുലക്ഷം രൂപ ഇതിനായി അബിന് കൈമാറിയെന്ന് നിഖിൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തിൽ വന്നിരുന്നതായി ഇരുവരും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. 2022 ഡിസംബറിൽ ഓറിയോൺ പ്രവർത്തനം അവസാനിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഓറിയോണുമായി ബന്ധമുള്ള തിരുവനന്തപുരം സ്വദേശിയടക്കം ചിലരെ വിവിധ കേസുകളിൽ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചു. കെട്ടിട ഉടമയുടെ മൊഴിയെടുത്തു.
അബിന് പ്രതിഫലമായി നൽകിയ രണ്ടുലക്ഷം രൂപയിൽ പകുതിയിലേറെ ഓറിയോൺ സ്ഥാപന നടത്തിപ്പുകാർക്ക് കൈമാറിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഓറിയോണുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു. വ്യാജസർട്ടിഫിക്കറ്റ് കേസിൽ ബന്ധമുള്ളവരെ പ്രതിചേർക്കുമെന്ന് കായംകുളം പൊലീസ് വ്യക്തമാക്കി.
അബിൻ സി രാജ് കുറ്റം സമ്മതിച്ചു
എംഎസ്എം കോളേജിൽ എംകോം പ്രവേശനം നേടാൻ നിഖിൽ തോമസിന് കലിംഗ സർവകലാശാലയുടെ വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയെന്ന് കേസിലെ രണ്ടാംപ്രതി കണ്ടല്ലൂർ പുതിയവിള വരേണിൽ അബിൻ സി രാജ് (27) പൊലീസിനോട് സമ്മതിച്ചു. എറണാകുളത്തെ ഓറിയോൺ എന്ന വിദ്യാഭ്യാസ കൺസൽട്ടിങ് ഏജൻസി മുഖേനയാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി നിഖിൽ തോമസിൽനിന്ന് രണ്ടുലക്ഷം രൂപ വാങ്ങിയെന്നും മറ്റാർക്കും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും അബിൻ പറഞ്ഞു.
മാലിദ്വീപിലായിരുന്ന അബിൻ നാട്ടിലേക്ക് വരുമ്പോൾ ചൊവ്വ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽവച്ചാണ് കായംകുളം പൊലീസ് പിടികൂടിയത്. നിരവധി കേസുകളുള്ള ഓറിയോൺ എന്ന സ്ഥാപനം കുറെ കാലമായി പൂട്ടിക്കിടക്കുകയാണെന്നും നടത്തിപ്പുകാരനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അബിൻ സി രാജിനെ ബുധനാഴ്ച കായംകുളം കോടതിയിൽ ഹാജരാകും. കേസിൽ 30 വരെ പൊലീസ് കസ്റ്റഡിയിൽവിട്ട നിഖിൽ തോമസിനെ കൂടുതൽ ചോദ്യംചെയ്യുകയാണ്.
സർട്ടിഫിക്കറ്റ് മാത്രമല്ല, വ്യാജ വിസയും;
ഓറിയോൺ തട്ടിപ്പുസ്ഥാപനം
വ്യാജസർട്ടിഫിക്കറ്റുകൾ മാത്രമല്ല, വിസയും നൽകി ഓറിയോൺ സൊല്യൂഷൻസ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. മാൾട്ടയിൽ വിസ വാഗ്ദാനം ചെയ്താണ് നിരവധി ഉദ്യോഗാർഥികളെ കബളിപ്പിച്ചത്. ഇവിടെനിന്നാണ് എംകോം പ്രവേശനത്തിന് നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമ്പാദിച്ചതും. കലൂർ, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ‘ഓറിയോൺ സൊല്യൂഷൻസ്’ പ്രവർത്തിച്ചിരുന്നത്. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിനി പരാതി നൽകിയതോടെയാണ് ഓറിയോണിന്റെ യഥാർഥ മുഖം വെളിപ്പെട്ടത്. വ്യാജ വിസ, ബിരുദ, പ്ലസ്ടു, എൽഎൽബി കോഴ്സുകളുടേത് ഉൾപ്പെടെയുള്ള വ്യാജസർട്ടിഫിക്കറ്റുകൾ ഇവിടെനിന്ന് നൽകിയിരുന്നതായി വിവരം ലഭിച്ചു. അപേക്ഷകരിൽനിന്ന് ഒരുലക്ഷം രൂപമുതലാണ് ഈടാക്കിയിരുന്നത്. പ്ലംബർ, ഇലക്ട്രീഷ്യൻ ഉൾപ്പെടെ വിവിധ ജോലികളായിരുന്നു വാഗ്ദാനം. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തുന്നത്. നിശ്ചിതതുക കൈക്കലാക്കും. പിന്നീട് കൈമലർത്തും. വിവിധ ജില്ലകളിൽനിന്ന് 40 പരാതി ലഭിച്ചിരുന്നു. കൊച്ചി സിറ്റി പൊലീസിൽമാത്രം 15 കേസുണ്ട്. സ്ഥാപന നടത്തിപ്പുകാരിൽ ചിലർ അറസ്റ്റിലായിരുന്നു.