തൃശൂർ
തുടർച്ചയായി മുപ്പതു തവണ ഹിമാലയം കയറി പി ചിത്രൻ നമ്പൂതിരിപ്പാട് ചരിത്രം സൃഷ്ടിച്ചു. പിന്നീട് പലപ്പോഴായി മൂന്നുതവണ വേറെയും. 98–-ാം വയസ്സിലും ഹിമാലയം കയറി. കോവിഡിനെത്തുടർന്നാണ് ഹിമാലയ യാത്ര അവസാനിപ്പിച്ചത്. ഈ യാത്രകൾക്കിടയിൽ കണ്ടെത്തിയ ഹിമാംശുവെന്ന കുട്ടിയുടെ പഠനച്ചെലവ് ചിത്രൻ നമ്പൂതിരിപ്പാട് ഏറ്റെടുത്തിരുന്നു.
കേദാർനാഥിലേക്കുള്ള യാത്രയിലാണ് ത്രിയുഗ നാരായണ എന്ന ഗ്രാമത്തിലെ ഹിമാംശു എന്ന ആറുവയസ്സുകാരനെക്കുറിച്ച് അറിയുന്നത്. 2014ലെ മലവെള്ളപ്പാച്ചിലിൽ ഹിമാംശുവിന്റെ അച്ഛൻ ഒലിച്ചുപോയി. കുട്ടിയും അമ്മയും അനാഥരായെന്നറിഞ്ഞു. കുട്ടിയെത്തേടിയുള്ള അന്വേഷണം കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന ഗവ. പ്രൈമറി സ്കൂളിലെത്തിച്ചു. ഹിമാംശുവിനെ തിരക്കി. അമ്മ വിറകു പെറുക്കിയും മറ്റുമാണ് അവനെ പഠിപ്പിക്കുന്നത്. പഠിക്കാൻ മിടുക്കനാണ്. എന്നാൽ ദാരിദ്ര്യംമൂലം എല്ലാ ദിവസവും ക്ലാസിലെത്താറില്ല. ചിത്രൻ നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം എല്ലാവരും പിരിവെടുത്തത് 12,000 രൂപ കുട്ടിയുടെ അമ്മയെ ഏൽപ്പിച്ചു. ഹിമാംശുവിന്റെ വിദ്യാഭ്യാസച്ചെലവ് സ്പോൺസർ ചെയ്യാൻ സംഘം തീരുമാനിച്ചു. ഓരോ വർഷവും സംഘം അവിടെ പോകുമ്പോൾ 15000 രൂപ വീതം കൊടുക്കും. ചിത്രൻ നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം അവനെ നവോദയ റസിഡൻഷ്യൽ സ്കൂളിലാക്കി.
ഹിമാലയത്തിനു മുകളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പോകും. കേദാർനാഥ്, ബദരിനാഥ്, ഗംഗയുടെ ഉത്ഭവ സ്ഥാനമായ ഗംഗോത്രി, യമുനയുടെ ഉത്ഭവമായ യമുനോത്രി, ഭൂമിക്കടിയിലൂടെ ഒഴുകുന്ന സരസ്വതി തുടങ്ങിയയിടങ്ങളിലെല്ലാം യാത്രപോവാറുണ്ട്. ത്രിവേണിയിൽ മുങ്ങിക്കുളിക്കാറുണ്ട്. ഹിമാലയത്തിലെ ആശ്രമങ്ങളിലാകും താമസം.