തിരുവനന്തപുരം
ആദ്യമായി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമാകാനൊരുങ്ങി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ നാലു പരിശീലനമത്സരങ്ങളുടെ വേദിയായിട്ടാണ് ഗ്രീൻഫീൽഡിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകൾ കാര്യവട്ടത്ത് സന്നാഹമത്സരത്തിന് എത്തുമെന്ന് ഉറപ്പായി. യോഗ്യത നേടിയാൽ വെസ്റ്റിൻഡീസും ഉണ്ടാകും.
2011നുശേഷം ഇന്ത്യ വീണ്ടും ലോകകപ്പിന് വേദിയാകുമ്പോൾ ഗ്രീൻഫീൽഡിൽ ഒരു മത്സരമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാല് സന്നാഹമത്സരമാണ് ലഭിച്ചതെങ്കിലും സ്റ്റേഡിയം അന്താരാഷ്ട്രതലത്തിൽ പരിഗണിക്കപ്പെട്ടിരിക്കുകയാണെന്ന് കെസിഎ ഭാരവാഹികൾ പ്രതികരിച്ചു.2015ൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയം ഇന്ത്യയുടെ രണ്ട് ഏകദിനത്തിനും മൂന്ന് ട്വന്റി 20ക്കും വേദിയായി. നാലു മത്സരങ്ങളിൽ ഇന്ത്യക്കായിരുന്നു ജയം. വിൻഡീസിനോട് ട്വന്റി 20യിലാണ് തോറ്റത്.