മുംബെെ
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ചൂടിലേക്ക് അൽപ്പം വൈകിയാണെങ്കിലും ഇന്ത്യയെത്തി. ലോകകപ്പിന് 100 ദിനംശേഷിക്കെ കഴിഞ്ഞദിവസം മുംബൈയിൽ ഐസിസിയും ബിസിസിഐയും ചേർന്ന് മത്സരപ്പട്ടിക പുറത്തിറക്കി. 2019ലും 2015ലും ഒരു വർഷംമുമ്പേ ആയിരുന്നു പട്ടിക പുറത്തിറക്കിയത്.
ഒക്ടോബർ അഞ്ചിന് നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടുന്നതോടെ ലോകകപ്പിന് തുടക്കമാകും. അഹമ്മദാബാദിലാണ് മത്സരം. ഫൈനലും ഇവിടെയാണ്. നവംബർ പത്തൊമ്പതിനാണ് ഫൈനൽ.
ഇന്ത്യയുടെ ആദ്യകളി മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയയുമായിട്ടാണ്. ഒക്ടോബർ എട്ടിനാണ് മത്സരം. 15ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കളിക്കും. ആകെ 10 ടീമുകൾ. എട്ട് ടീമുകൾ യോഗ്യത നേടി. രണ്ട് സ്ഥാനത്തിനായുള്ള യോഗ്യതാ ടൂർണമെന്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ, പാകിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളെത്തി. മുൻ ചാമ്പ്യൻമാരായ ശ്രീലങ്കയും വെസ്റ്റിൻഡീസും യോഗ്യത കളിക്കുന്നു. മത്സരക്രമം 2019ലേതിന് സമാനമാണ്. 10 ടീമുകളും പരസ്പരം ഏറ്റുമുട്ടും. കൂടുതൽ പോയിന്റ് നേടുന്ന ആദ്യ നാല് ടീമുകൾ സെമിയിലേക്ക്. നവംബർ 15ന് മുംബൈയിലാണ് ആദ്യ സെമി. രണ്ടാംസെമി 16ന് കൊൽക്കത്തയിൽ നടക്കും. ചെന്നൈ സെമി വേദിയുടെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും മഴസാധ്യത കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. സെമി മത്സരങ്ങൾക്കും ഫൈനലിനും പകരംദിനമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ സെമിയിലായിരുന്നു ഇന്ത്യയുടെ തോൽവി. മഴ തടസ്സപ്പെടുത്തിയ കളിയിൽ ന്യൂസിലൻഡിനോട് 18 റണ്ണിനാണ് തോറ്റത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും പോയിന്റ് നേടിയ ടീം മഹേന്ദ്ര സിങ് ധോണി നയിച്ച ഇന്ത്യൻ ടീമായിരുന്നു.
ഇക്കുറി രോഹിത് ശർമയ്ക്കുകീഴിലാണ് ഒരുക്കം. സമീപകാലത്ത് ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ടീമിന്റേത്. രോഹിത്, വിരാട് കോഹ്ലി എന്നീ മുതിർന്ന താരങ്ങൾക്കൊപ്പം ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഉൾപ്പെടെയുള്ള യുവതാരങ്ങളും മികവു കാട്ടുന്നു. ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുമ്ര എന്നിവർ പരിക്കുമാറി തിരിച്ചെത്തും. അതേസമയം, വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കാര്യം ഉറപ്പില്ല. കാറപകടത്തെ തുടർന്ന് ശാരീരികക്ഷമത വീണ്ടെടുക്കാനായിട്ടില്ല പന്തിന്. കൂടുതൽ കാലം വിശ്രമം വേണ്ടിവരും.
മലയാളിതാരം സഞ്ജു സാംസണും ലോകകപ്പ് പ്രതീക്ഷയിലാണ്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഈ വിക്കറ്റ് കീപ്പർ ഇടംനേടിയിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയാൽ ലോകകപ്പ് ടീമിലുമെത്താം. ഏകദിനത്തിൽ നല്ല പ്രകടനമാണ് സഞ്ജുവിന്റേത്.
ഇന്ത്യ മൂന്നാംതവണയാണ് ലോകകപ്പിന് വേദിയാകുന്നത്. 2011ൽ അവസാനമായി വേദിയായപ്പോൾ കിരീടം കൊണ്ടായിരുന്നു ആഘോഷം. ധോണി നയിച്ച ടീം ശ്രീലങ്കയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി. ഇക്കുറിയും ഇന്ത്യ കിരീടം സ്വപ്നം കാണുന്നു. രോഹിതിനും കോഹ്ലിക്കുമെല്ലാം ഇത് അവസാന ലോകകപ്പായിരിക്കും.
ഓസീസ്, പാകിസ്ഥാൻ ടീമുകളാണ് സമീപകാലത്ത് ഏറ്റവും മികച്ച കളി പുറത്തെടുക്കുന്ന ടീമുകൾ. ഓസീസ് ഒന്നാംറാങ്കിലും പാകിസ്ഥാൻ രണ്ടാം റാങ്കിലുമാണ്. ഇന്ത്യ പട്ടികയിൽ മൂന്നാമതും.
അതേസമയം, രണ്ടുതവണ ചാമ്പ്യൻമാരായ വിൻഡീസിന്റെ സ്ഥിതി ആശാവഹമല്ല. സൂപ്പർ സിക്സിലേക്ക് യോഗ്യത നേടിയെങ്കിലും ലോകകപ്പ് യോഗ്യത ഉറപ്പില്ല. യോഗ്യതാ റൗണ്ട് ആദ്യഘട്ട മത്സരങ്ങളിൽ മോശം പ്രകടനമായിരുന്നു. ശ്രീലങ്ക നാല് കളിയും ജയിച്ചാണ് സൂപ്പർ സിക്സിലേക്ക് മുന്നേറിയത്.
46 ദിനം,
ആകെ 48 കളി
ലോകകപ്പിലാകെ 46 ദിവസം 48 കളികളാണ്. ആറുദിവസംമാത്രമാണ് രണ്ടു കളി. രാവിലെ 10.30നും രണ്ടിനുമാണ് മത്സരങ്ങൾ. ബാക്കിയെല്ലാ ദിവസവും ഒറ്റക്കളി പകൽ രണ്ടിനാണ്. ഉദ്ഘാടനമത്സരവും സെമിയും ഫൈനലുമെല്ലാം ഇതേസമയത്ത് തുടങ്ങും. ഒക്ടോബർ 7, 14, 21, 28, നവംബർ 4, 12 ദിവസങ്ങളിലാണ് ടൂർണമെന്റിലെ രണ്ടു മത്സരങ്ങൾ.
അനുമതി തേടി പിസിബി
ഇന്ത്യയിൽ ലോകകപ്പ് കളിക്കുന്നതിന് പാകിസ്ഥാൻ സർക്കാരിന്റെ അനുമതി കാത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). അനുമതി ലഭിച്ചാൽമാത്രമേ ലോകകപ്പ് കളിക്കുന്ന കാര്യം പിസിബി ഉറപ്പിക്കുകയുള്ളൂ. അതേസമയം, പാകിസ്ഥാൻ കളിക്കുമെന്ന കാര്യത്തിൽ ഐസിസിയും ബിസിസിഐയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാകിസ്ഥാൻ ഉറപ്പായും ഇന്ത്യയിൽ കളിക്കാനെത്തുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
രണ്ടാഴ്ചമുമ്പ് പിസിബി ഐസിസിയോട് ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. നിലവിലെ വേദികളെ സംബന്ധിച്ചായിരുന്നു അത്. ഒക്ടോബർ 15ന് ഇന്ത്യയുമായുള്ള കളി നടക്കുന്ന വേദി മാറ്റണമെന്നാണ് പ്രധാന ആവശ്യം. അഹമ്മദാബാദാണ് വേദി. പകരം ചെന്നൈയോ ബംഗളൂരുവോ വേണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ ടീമുകൾക്കെതിരായ മത്സരങ്ങളുടെ വേദിയും മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും ഐസിസി പരിഗണിച്ചിട്ടില്ല.
അതേസമയം, പാകിസ്ഥാൻ സെമിയിൽ എത്തുകയാണെങ്കിൽ ആ മത്സരം കൊൽക്കത്തയിലായിരിക്കും നടക്കുക. ആകെ അഞ്ച് വേദികളിലാണ് ലീഗ് ഘട്ടത്തിൽ പാകിസ്ഥാൻ കളിക്കുക. അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയാണ് ആ വേദികൾ. ഒക്ടോബർ ആറിന് യോഗ്യതാടീമുമായാണ് അവരുടെ ആദ്യകളി.