ബംഗളൂരു
സുനിൽ ഛേത്രിയുടെ കാലുകൾ വീണ്ടും കുതിച്ചെങ്കിലും അവസാന നിമിഷം പിഴവുഗോളിലൂടെ ഇന്ത്യ ജയംതുലച്ചു. സാഫ് കപ്പ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കുവൈത്തുമായി സമനില വഴങ്ങി (1–-1). അവസാന നിമിഷം അൻവർ അലിയാണ് പിഴവുഗോൾ വഴങ്ങിയത്. ഇതോടെ രണ്ടാംസ്ഥാനക്കാരായാണ് ഇഗർ സ്റ്റിമച്ചിന്റെ സംഘം സെമിയിൽ കടന്നത്. കുവൈത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി. ഛേത്രി രാജ്യാന്തര ഫുട്ബോളിൽ 92 ഗോൾ പൂർത്തിയാക്കി. പലപ്പോഴും കൈയാങ്കളിയിലേക്കെത്തിയ മത്സരത്തിൽ രണ്ട് ടീമുകളും 10 പേരുമായാണ് അവസാനിപ്പിച്ചത്. ഇന്ത്യൻ താരം റഹീം അലിയും കുവൈത്തിന്റെ അൽ ക്വലാഫും ചുവപ്പുകാർഡ് കണ്ട് പുറത്തായി. പരിശീലകൻ സ്റ്റിമച്ച് തുടർച്ചയായ രണ്ടാംമത്സരത്തിലും ചുവപ്പുകാർഡ് കണ്ടു.
പതിവുപോലെ അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നു ഇന്ത്യക്ക്. പക്ഷേ, കിട്ടിയ അവസരങ്ങളൊന്നും ലക്ഷ്യത്തിലേക്ക് നീങ്ങിയില്ല. പാസുകളും ക്രോസുകളും കൃത്യമായിരുന്നു. ഗോൾമുഖത്ത് വിളറി. മഹേഷ് സിങ്ങും ആകാശ് മിശ്രയും ഒരുക്കിയ അവസരം തുടക്കത്തിൽത്തന്നെ ഛേത്രി പാഴാക്കി. പിന്നാലെ വലതുപാർശ്വത്തിൽ നിഖിൽ പൂജാരി നടത്തിയ മികച്ച നീക്കം മഹേഷിലേക്കെത്തി. എന്നാൽ, കുവൈത്ത് പ്രതിരോധം തടഞ്ഞു. അൻവർ അലിയുടെ ഹെഡറും വല കണ്ടില്ല.
ആദ്യപകുതിയുടെ പരിക്കുസമയത്തായിരുന്നു ഗോൾ. ഥാപ്പയുടെ കോർണർ. ഒഴിഞ്ഞുനിൽക്കുകയായിരുന്ന ഛേത്രിയിലേക്കാണ് എത്തിയത്. പ്രതിരോധത്തിന് കാര്യങ്ങൾ മനസ്സിലാകുംമുമ്പ് പന്ത് മുപ്പത്തെട്ടുകാരൻ ഇടംകാലിലൂന്നി വലംകാൽകൊണ്ട് അടിതൊടുത്തു. ടൂർണമെന്റിലെ അഞ്ചാംഗോൾ. ഗോൾ വേട്ടക്കാരിൽ നാലാമനാണ് ഛേത്രി. ക്രിസ്റ്റ്യാനോ റൊണാൾഡോ (123), അലി ദേയി (109), ലയണൽ മെസി (103) എന്നിവരാണ് മുന്നിൽ.
രണ്ടാംപകുതിയിൽ കുവൈത്ത് ആക്രമിച്ച് കളിച്ചു. ഇതിനിടെ പകരക്കാരനായെത്തിയ സഹൽ അബ്ദുൾ സമദ് ബോക്സിൽനിന്ന് മികച്ച ശ്രമം നടത്തിയെങ്കിലും കുവൈത്ത് പ്രതിരോധം തടഞ്ഞു. റഹീം അലി ചുവപ്പുകാർഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. പരിക്കുസമയത്താണ് ഗോൾ വഴങ്ങിയത്. അൽബ്ളൂഷിയുടെ ക്രോസ് കാലിൽ തട്ടിയാണ് അൻവർ അലി സ്വന്തം വലയിലേക്ക് പന്തിട്ടത്. സെമിയിൽ ലെബനനായിരിക്കും ഇന്ത്യയുടെ എതിരാളി.
ഗ്രൂപ്പിലെ മറ്റൊരു കളിയിൽ പാകിസ്ഥാനെ ഒരു ഗോളിന് നേപ്പാൾ തോൽപ്പിച്ചു.