തിരുവനന്തപുരം> വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല സിൻഡിക്കറ്റ്. നിഖിൽ എഴുതിയ എല്ലാം പരീക്ഷകളും സർവകലാശാല റദ്ദാക്കും. ഇനി കേരള സർവകലാശാലയിൽ നിഖിലിന് പഠിക്കാൻ കഴിയില്ല. കായംകുളം എംഎസ്എം കോളേജിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതരെ ഹിയറിങ്ങിന് വിളിച്ചുവരുത്തും. സർവകലാശാല രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരടങ്ങുന്ന സമിതിയാണ് ഹിയറിങ് നടത്തുക. കേരള സർവകലാശാലയിൽ 10 വർഷത്തിൽ സമർപ്പിച്ച മറ്റ് സർവകലാശാലകളുടേതടക്കം സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ യോഗം തീരുമാനിച്ചു.
സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്താൻ ഈ അധ്യയന വർഷംമുതൽ സർവകലാശാലതലത്തിൽ ഓൺലൈൻ സംവിധാനം വരും. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് പ്രത്യേക സമിതിയെ രൂപീകരിക്കാനും തീരുമാനിച്ചതായി സിൻഡിക്കറ്റ് അംഗം കെ എച്ച് ബാബുജാൻ അറിയിച്ചു.