തിരുവനന്തപുരം
വ്യക്തമായ തെളിവുകളോടെയുള്ള കേസുകൾ പ്രതിരോധിക്കാനാകാതെ കാലിട്ടടിക്കുന്ന വി ഡി സതീശനെയും കെ സുധാകരനെയും രക്ഷിക്കാൻ വ്യാജവാർത്തയുമായി സിപിഐ എം പുറത്താക്കിയ മാധ്യമ പ്രവർത്തകൻ. സർക്കാരിനെതിരായ ആരോപണങ്ങളെല്ലാം ജനം ചവറ്റുകുട്ടയിലിടുകയും സ്വയം കുരുക്കിലാവുകയും ചെയ്തവർക്ക് ജീവശ്വാസം കൊടുക്കാനുള്ള വ്യാജവാർത്തയായി ‘ജനശക്തി’ എഡിറ്റർ ജി ശക്തിധരന്റെ ഫെയ്സ്ബുക് കുറിപ്പ്. എല്ലാ മാധ്യമങ്ങളും പ്രതിപക്ഷവും നിസ്സംശയം അതേറ്റുപിടിച്ചു, അന്തി ചർച്ചയുമാക്കി. വാലോ തലയോ ഇല്ലാത്ത ജൽപ്പനങ്ങളെ ‘ഔദ്യോഗിക രേഖ’യാക്കി.
പാർടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കപ്പെട്ട ഇദ്ദേഹം, 18 വർഷമായി പാർടിക്കെതിരെ പ്രതികാര ബുദ്ധിയോടെ ആരോപണങ്ങൾ ഉന്നയിക്കുന്നു. സിപിഐ എമ്മിനെ തകർക്കാനുള്ള നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് ദേശാഭിമാനിയിൽനിന്ന് പുറത്താകുന്നത്. ‘ജനശക്തി’ വാരികയുടെ ഓരോ ലക്കവും പിണറായി വിജയൻ അടക്കമുള്ള സിപിഐ എം നേതാക്കളെ അപഹസിക്കാനാണ് ഉപയോഗിച്ചത്. പാർടിക്കെതിരായ വൈരാഗ്യകുറിപ്പുകളിൽ കോൺഗ്രസ് നേതാക്കളെ സഹായിക്കാനുള്ള വ്യഗ്രതയും വ്യക്തം.
ഇന്നോവ കാറിൽ ‘കൈതോലപ്പായ’യിൽ പൊതിഞ്ഞ് രണ്ട് കോടി 35,000 രൂപ കൊണ്ടുപോയി എന്നാണ് കുറിപ്പ്. ഇദ്ദേഹം ദേശാഭിമാനിയിലുള്ള കാലത്ത് ഇന്ത്യയിൽ ഇന്നോവയില്ല. ദുഷ്ടലാക്കോടെയുള്ള കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്ന പല കാര്യങ്ങളും കുപ്രചാരണവും ആക്ഷേപവും ലക്ഷ്യമിട്ടുള്ളതാണെന്നും കാണാം. വസ്തുത തെല്ലുമില്ലെങ്കിലും ‘ഖുറാനിൽ സ്വർണം’, ‘ബിരിയാണി ചെമ്പ്’ തുടങ്ങിയവപോലെ മാധ്യമങ്ങൾ ‘കൈതോലപ്പായ’യുമായി കുറെക്കാലം നടന്നേക്കാം.
കുറിപ്പിനു കാരണമായി പറയുന്നത് സൈബർ ആക്രമണം നടത്തിയെന്നാണ്. അതും വസ്തുതയല്ല, സിപിഐ എമ്മിനെതിരെ വർഷങ്ങളായി കുറിപ്പുകൾ ഇട്ടുപോരുന്ന ആളായതിനാൽ ആരും ഗൗനിക്കാറില്ല. ഇപ്പോഴത്തെ ഫെയ്സ്ബുക് പോസ്റ്റിന് മുൻപുള്ള കുറിപ്പുകളിലൊന്ന് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനൽ മോൻസൺ മാവുങ്കൽ ബന്ധത്തിൽ കുടുങ്ങിയ കെ സുധാകരനെ വാഴ്ത്തുന്നതായിരുന്നു.