തിരുവനന്തപുരം
സംസ്ഥാനത്ത് കാലവർഷം സജീവമായി. ചൊവ്വാഴ്ച സംസ്ഥാന വ്യാപക മഴ ലഭിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെയും തെക്കൻ ഗുജറാത്ത് തീരംമുതൽ കേരള തീരംവരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിലാണിത്. കാലവർഷക്കാറ്റും അനുകൂലമായി. അടുത്ത അഞ്ചു ദിവസവും വ്യാപക മഴ തുടരും. വെള്ളിയും ശനിയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യത.
കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ല. ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡിഷ-, പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം നിലവിൽ വടക്കൻ ഛത്തീസ്ഗഡ് മുകളിലാണ്. അടുത്ത രണ്ടു ദിവസം പടിഞ്ഞാറ്,- വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങും.