ന്യൂഡൽഹി
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ ഏക സിവിൽ കോഡിനായി വാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഏക സിവിൽ കോഡ് ഭരണഘടനയിൽ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ടെന്നും ഭോപാലിൽ ബിജെപി റാലിയിൽ മോദി പറഞ്ഞു. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും ചിലർ ഏകസിവിൽ കോഡിനെ ഉപയോഗിക്കുന്നു. എങ്ങനെയാണ് രണ്ടു രീതിയിലുള്ള നിയമവുമായി ഒരു രാജ്യത്തിന് മുന്നോട്ടുപോകാനാകുക.
എതിർക്കുന്നവർ വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. മുത്തലാഖിനെ അനുകൂലിക്കുന്നവർ മുസ്ലിം സ്ത്രീകളോട് വലിയ അനീതിയാണ് കാട്ടുന്നത്. ഈജിപ്തിൽ 80–-90 വർഷം മുമ്പുതന്നെ മുത്തലാഖ് നിരോധിച്ചിരുന്നു. ദരിദ്രരായ പസ്മണ്ഡ മുസ്ലിങ്ങൾ സമ്പന്ന മുസ്ലിങ്ങളിൽനിന്ന് വലിയ വിവേചനം നേരിടുകയാണ്.
ചില രാഷ്ട്രീയ പാർടികളുടെ പ്രീണനസമീപനം സമൂഹത്തിൽ വലിയ ചേരിതിരിവിന് കാരണമാകുകയാണ്. ബിജെപിക്കെതിരെ ചില പാർടികൾ കൈകോർക്കുന്നതിൽ തനിക്ക് ദേഷ്യമല്ല, സഹതാപമാണ്. ഈ പാർടികളുടെ അസ്വസ്ഥത 2014ലും 2019ലും ഇത്ര രൂക്ഷമായിരുന്നില്ല. കോൺഗ്രസിനെ എതിർത്തിരുന്നവർ ഇന്ന് കുമ്പിട്ടു നിൽക്കുകയാണ്–- മോദി പറഞ്ഞു.