തിരുവനന്തപുരം
ആറുപതിറ്റാണ്ടിലധികം നീണ്ട കേരളത്തിന്റെ കാത്തിരിപ്പിനു വിരാമമിട്ട് 104 കെഎഎസുകാർ (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) ചരിത്രത്തിലേക്ക് ചുവടുവച്ചു. ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. കെഎഎസ് പരിശീലന പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ച മുഖ്യമന്ത്രി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇവർ ജൂലൈ ഒന്നിന് വിവിധ വകുപ്പുകളിൽ ചുമതലയേൽക്കും. സർവീസിൽ പ്രവേശിക്കുന്നവർ പേരിനൊപ്പം കെഎഎസ് കൂടി ചേർത്ത് അറിയപ്പെടുമെന്ന മന്ത്രിസഭാ യോഗ തീരുമാനം മുഖ്യമന്ത്രി അറിയിച്ചു.
2021ലെ കേരളപ്പിറവി ദിനത്തിലാണ് ആദ്യ ബാച്ച് കെഎഎസ് ഉദ്യോഗസ്ഥർക്ക് പിഎസ്സി നിയമന ശുപാർശ നൽകിയത്. ഐഎംജി 18 മാസത്തെ പരിശീലനം നൽകി. ക്ലാസുകളും സെക്ടറർ സെമിനാറുകളും ഫീൽഡ് വിസിറ്റ്, ഇൻസ്റ്റിറ്റ്യൂഷണൽ ട്രെയിനിങ്, സാംസ്കാരിക, ചരിത്ര, വാണിജ്യ, ഭരണ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനവുമൊരുക്കി.
ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനായി. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങൾ കോർത്തിണക്കിയ രണ്ടര മിനിറ്റ് വീഡിയോ പ്രദർശിപ്പിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ചീഫ് സെക്രട്ടറി വി പി ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, കെ ആർ ജ്യോതിലാൽ, ശാരദാ മുരളീധരൻ, ഐഎംജി ഡയറക്ടർ ഡോ. കെ ജയകുമാർ, ഡോ. എസ് സജി എന്നിവർ സംസാരിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയ ഡോ. എസ് സജി, ഡോ. ആർ ജയശ്രീ, അമല ബോണി എന്നിവർക്ക് മന്ത്രിമാർ ഉപഹാരം നൽകി.
സ്വപ്നസാക്ഷാൽക്കാരം: മുഖ്യമന്ത്രി
ആവശ്യങ്ങൾക്കായി മുന്നിൽവരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെഎഎസുകാർ സിവിൽ സർവീസിന് നൽകേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎഎസ് പരിശീലന പൂർത്തീകരണ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
എത്രയോ കാലത്തെ കേരളത്തിന്റെ സ്വപ്നമാണ് യാഥാർഥ്യമായത്. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയുടെ കാലത്തെ ഭരണപരിഷ്കാര കമീഷൻ കേരളത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് സർവീസ് വേണമെന്ന അഭിപ്രായം ഉയർത്തിയിരുന്നു. ഇ കെ നായനാർ സർക്കാരിന്റെ കാലത്തെ വെള്ളോടി കമീഷന്റെ ശുപാർശയിലും അതുണ്ടായി. എന്നിട്ടും സ്വപ്നമായി അവശേഷിച്ചു. ഇപ്പോൾ 104 പേർ സ്വപ്നസാക്ഷാൽക്കാരത്തിന്റെ ആദ്യ വക്താക്കളായി.
ഐഎഎസുകാർ പലരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും. അവർക്ക് നാട്ടിലേക്ക് പോകണമെന്ന് തോന്നുന്നത് സ്വാഭാവികം. കഴിവിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരിന് ഇവിടെ വേണമെന്നു തോന്നുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കും പോകാൻ അനുമതി നൽകേണ്ടിവരും. എന്നാൽ, കെഎഎസിന്റെ കാര്യത്തിൽ ഈ വിഷമസ്ഥിതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎഎസ് സ്മരണികയും അദ്ദേഹം പ്രകാശിപ്പിച്ചു. കേരളത്തിൽ നടുമെന്നു പറഞ്ഞ എല്ലാ ചെടികളും നട്ട് മരമാക്കാൻ സർക്കാരിന് കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷനായ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. താൻ അഴിമതി നടത്തില്ലെന്നല്ല, സർക്കാർ സർവീസിൽ ചുറ്റുമുള്ള ഒരാളെയും അഴിമതിക്ക് അനുവദിക്കില്ല എന്നാകണം കെഎഎസുകാരുടെ പ്രതിജ്ഞയെന്നും അദ്ദേഹം പറഞ്ഞു.