കോട്ടയം> കോട്ടയം – തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസുമായി ബന്ധപ്പെട്ട തൊഴിലാളി സമരം വിജയം. ജില്ലാ ലേബര്‍ ഓഫീസര്‍ മിനോയ് ജെയിംസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യം ഉടമ രാജ്മോഹന്‍ അംഗീകരിച്ചു.
നാല് ബസുകളിലും റൊട്ടേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താനും പിരിച്ചുവിട്ട രണ്ട് ജീവനക്കാരെ തിരിച്ചെടുക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ബസുകളില്‍ റൊട്ടേഷന്‍ ഏര്‍പ്പെടുത്തുന്നതോടെ എല്ല ാ തൊഴിലാളികള്‍ക്കും തുല്യവേതനം ലഭിക്കും. ജൂലൈ ഒന്ന് മുതല്‍ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കും. നാല് മാസം ഓടുമ്പോള്‍ റൊട്ടേഷന്റെ ഒരു ഘട്ടം പൂര്‍ത്തിയാകും. തുടര്‍ന്ന് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. നാലുമാസത്തെ റൊട്ടേഷന്‍ സമയത്തെ കണക്കുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ലാഭമുള്ള വണ്ടികളില്‍നിന്ന് കലക്ഷന്‍ കുറവുള്ള വണ്ടികളുടെ നഷ്ടം പരിഹരിക്കാമെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു.
ബസിന്റെ ഉടമയും ജീവനക്കാരും തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്നത്.മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്(സിഐടിയു) ജില്ലാ പ്രസിഡന്റ് പി ജെ വര്‍ഗീസ്, സെക്രട്ടറി സി എന്‍ സത്യനേശന്, ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്, പ്രസിഡന്റ് കെ കെ രാമകൃഷ്ണന്, ജീവനക്കാരായ സിജികുമാര്‍, ഷാമോന്, ബസുടടമ രാജ്മോഹന്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികളായ കെ എസ് സുരേഷ്, ജാക്സണ് സി ജോസഫ്, ഡാന്റീസ് അലക്സ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.