മോസ്കോ
റഷ്യയിൽ സായുധകലാപത്തിന് കോപ്പുകൂട്ടിയ സ്വകാര്യ സൈനികസംഘം വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ഗേനി പ്രിഗോഷിനെതിരെ കേസ് തുടരും. റഷ്യയുടെ സഖ്യരാഷ്ട്രമായ ബലാറസ് പ്രസിഡന്റുമായി നടന്ന ചർച്ചയ്ക്കുശേഷം പ്രിഗോഷിൻ സൈന്യത്തെ പിന്‍വലിച്ചിരുന്നു. തനിക്കും തന്റെ സൈനികർക്കുമെതിരെ കലാപശ്രമവുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ റദ്ദാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പ്രിഗോഷിന് അവകാശപ്പെട്ടിരുന്നു. കേസുകൾ അവസാനിപ്പിച്ചിട്ടില്ലെന്നും, അന്വേഷണം തുടരുമെന്നുമാണ് വിവരം.
പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി ആർഐഎ നൊവോസ്തിയാണ് വിവരം പുറത്തുവിട്ടത്. അതേസമയം, സൈനികര്‍ മാർച്ച് നടത്തിയത് പുടിൻ ഭരണത്തെ അട്ടിമറിക്കാനല്ലെന്നും നീതിതേടിയായിരുന്നെന്നും പ്രിഗോഷിൻ വ്യക്തമാക്കി. കലാപശ്രമം പാളിയതിനുശേഷം ആദ്യമായി ടെലഗ്രാമിൽ പ്രസിദ്ധീകരിച്ച 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഇത് പറഞ്ഞത്. ‘ജൂലൈ ഒന്നോടെ സ്വകാര്യ സൈനികരെല്ലാം റഷ്യൻ സേനയിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ചേരണമെന്നുള്ള റഷ്യൻ ഉത്തരവിനെ വാഗ്നർ സൈനികർ അനുകൂലിച്ചില്ല.
ഉക്രയ്നിലുള്ള വാഗ്നർ സൈനികരെ ആക്രമിക്കാൻ തീരുമാനിച്ചവർക്കെതിരെയാണ് പ്രതിഷേധിച്ചത്. റഷ്യൻ പട്ടാളക്കാരെ കൊല്ലുന്നത് ഒഴിവാക്കാനാണ് മാർച്ച് അവസാനിപ്പിച്ചത്. റഷ്യൻ ഹെലികോപ്റ്ററുകൾ വെടിവച്ചിട്ടതിന് മാപ്പുപറയുന്നു’–- പ്രിഗോഷിൻ പറഞ്ഞു.