തൃശൂർ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ മെഗാഫൈനൽ ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. അക്ഷരമുറ്റം ഗുഡ്വിൽ അംബാഡർ മോഹൻലാൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഹയർ സെക്കൻഡറി വിഭാഗം ഒന്നാംസ്ഥാനക്കാരായ കലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഗവ. മോഡൽ എച്ച്എച്ച്എസ്എസിലെ വിദ്യാർഥിയായ ശ്രീനന്ദ് സുധീഷ്, മലപ്പുറം വേങ്ങര ഗവ. മോഡൽ വിഎച്ച്എസ്എസ് വിദ്യാർഥി പി ഐ ജസീം, രണ്ടാംസ്ഥാനം നേടിയ കാസർകോട് ചട്ടഞ്ചാൽ സിഎച്ച്എസ് വിദ്യാർഥി കെ സായന്തും നീലേശ്വരം രാജാസ് എച്ച്എസ്എസിലെ അനുഗ്രഹ ജി നായരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനക്കാരായ കാസർകോട് ബെല്ല ഈസ്റ്റ് ജിഎച്ച്എസ്എസിലെ ശ്രീനന്ദൻ കെ രാജും കൂളിയാട് ജിഎച്ച്എസിലെ എ എസ് ശിവദയും രണ്ടാംസ്ഥാനക്കാരായ തിരുവനന്തപുരം മടവൂർ എൻഎസ്എസ് എച്ച്എസ്എസിലെ പി എസ് അനന്യയും പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലെ ജഗത് ശ്യാമും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
യുപിയിൽ ഒന്നാമതെത്തിയ കോഴിക്കോട് ചിങ്ങപുരം സികെജിഎം എച്ച്എസ്എസിലെ എ വി ദേവലക്ഷ്മി, കരുവൻപൊയിൽ ഗവ. യുപി സ്കൂളിലെ കെ അമൻ ഫയാസ്, രണ്ടാമതെത്തിയ കോട്ടയം ബ്രഹ്മമംഗലം ഗവ. യുപിഎസിലെ ആദിനാരായണൻ കോതനെല്ലൂർ ഇമ്മാനുവൽസ് എച്ച്എസ്എസിലെ പി കാർത്തിക് എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം പകൽക്കുറി ഗവ. എൽപിഎസിലെ എസ് അതുൽ, കരകുളം ജിഎൽപിബിഎസിലെ ഈശ്വർ എം വിനയൻ, രണ്ടാംസ്ഥാനക്കാരായ കണ്ണൂർ മാങ്ങാട്ടിടം യുപിഎസിലെ നേഹൽ സുമേഷ്, കേളകം മഞ്ഞളാപുറം യുപിഎസിലെ ക്രിസ്റ്റോ ജിമ്മി എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ക്വിസിൽ ഒന്നാംസ്ഥാനം നേടിയ ടീമിന് രണ്ടു ലക്ഷം രൂപയാണ് സമ്മാനം. ഒരു കുട്ടിക്ക് 1 ലക്ഷം രൂപ സമ്മാനം ലഭിക്കും. രണ്ടാംസ്ഥാനം കിട്ടുന്ന ടീമിന് 1 ലക്ഷം രൂപയാണ് സമ്മാനം. ഒരു കട്ടിക്ക് 50,000 രൂപ ലഭിക്കും.
രാഗ താളങ്ങൾ ലയിച്ച് അക്ഷരസന്ധ്യ
രാഗ താളങ്ങൾ ലയിച്ച അക്ഷരസന്ധ്യയിൽ ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങളാൽ സംഗീതം ഒഴുകിയെത്തി. ഈ നാദഭാഷയിൽ മനുഷ്യനൊന്നായി. അറിവിന്റെ ലോകോത്തര ഉത്സവമായ ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഇവന്റിൽ ഗാനാമൃതിനൊപ്പം നൃത്തച്ചുവടുകളും വർണം വിരിയിച്ചു. മഹാനടൻ മോഹൻലാൽ വേദിയിൽ എത്തിയതോടെ ജനങ്ങൾ ഇളകിമറിഞ്ഞു. തിരശ്ശീലയിൽ ലാലിന്റെ സിനിമാ രംഗങ്ങൾ നിറഞ്ഞതോടെ കാണികൾ ആർത്തിരമ്പി. ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ സമ്മാനദാന സന്ധ്യ സാംസ്കാരിക തലസ്ഥാനത്ത് നിറഞ്ഞ സദസ്സിന് അവിസ്മരണീയ അനുഭൂതി പകർന്നു. സമൂഹത്തിലെ നാനാതുറകളിലെ ആയിരങ്ങളുടെ പങ്കാളിത്തംകൊണ്ട് ചടങ്ങ് സമ്പന്നമായി.
തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ നടന്ന അക്ഷരമുറ്റം മെഗാ ഇവന്റ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. അക്ഷരമുറ്റം ഗുഡ്വിൽ അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയായി. വിജയികൾക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു. ഈ വർഷത്തെ ദേശാഭിമാനി പുരസ്കാരം സാഹിത്യ വിചക്ഷണൻ പ്രൊഫ. എം കെ സാനുവിന് എം വി ഗോവിന്ദൻ സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. സാമൂഹ്യ–- സാംസ്കാരിക–-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ളതാണീ പുരസ്കാരം. പുത്തനറിവുകളുടെ വിണ്ണിലുദിച്ച 16 അക്ഷരമുറ്റം നക്ഷത്രശോഭകളും നാലു സാഹിത്യപ്രതിഭകളും മൊത്തം 13.5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. ക്വിസിൽ ഒന്നാംസ്ഥാനം നേടിയ കുട്ടിക്ക് ഒരുലക്ഷം രൂപയും രണ്ടാംസ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനം. കഥ, കവിതയിൽ ഒന്നാംസ്ഥാനം 50,000 രൂപയും രണ്ടാംസ്ഥാനം 25,000 രൂപയുമാണ് സമ്മാനം. മുഖ്യാതിഥി മോഹൻലാലിന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പുരസ്കാരം സമ്മാനിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് സ്വാഗതം പറഞ്ഞു.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദു, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബേബിജോൺ, എ സി മൊയ്തീൻ എംഎൽഎ, എൻ ആർ ബാലൻ, എം കെ കണ്ണൻ, കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, യൂണിറ്റ് മാനേജർ ഐ പി ഷൈൻ, സ്റ്റെയ്പ് –-ടാൽ റോപ് സി ഒഒ ജോൺസ് ജോസഫ്, ഐസിഎൽ ഫിൻകോർപ് മാനേജിങ് ഡയറക്ടർ കെ ജി അനിൽകുമാർ എന്നിവരും പങ്കെടുത്തു.
നടൻ ജയരാജ് വാര്യർ അവതാരകനായി. ടാൽ റോപ്പിന്റെ എഡ് ടെക് സ്ഥാപനമായ സ്റ്റെയ്പ് ആണ് അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ടൈറ്റിൽ സ്പോൺസർ. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ് ആണ് പ്രധാന സ്പോൺസർ. മൈജി, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ലിമിറ്റഡ്, വെൻകോബ് ചിക്കൻ എന്നിവർ സ്പോൺസർമാരും പിഎസ്കെ ഡ്രീം ദെം, ഐസിസിഎസ് കോളേജ് എന്നിവ ഇവന്റ് സ്പോൺസറുമാണ്.