ബംഗളൂരു
സാഫ് കപ്പ് ഫുട്ബോളിൽ സെമി ഉറപ്പിച്ച ഇന്ത്യ ഇന്ന് അവസാന ലീഗ് മത്സരത്തിൽ കുവൈത്തിനെതിരെ. ഗ്രൂപ്പ് എയിൽ കുവൈത്തും രണ്ട് കളി ജയിച്ചു. ഗോൾ വ്യത്യാസത്തിന്റെ മികവിൽ ഇന്ത്യയെ മറികടന്ന് ഒന്നാംസ്ഥാനത്താണ് അവർ. ഇന്ന് ജയിക്കുന്ന ടീം ഒന്നാംസ്ഥാനക്കാരായി മുന്നേറും. മറ്റൊരു കളിയിൽ പാകിസ്ഥാനും നേപ്പാളും തമ്മിൽ ഏറ്റുമുട്ടും. ഇരുടീമുകളുടെയും സെമി സാധ്യത അവസാനിച്ചിരുന്നു.
ഗ്രൂപ്പ് ബിയിൽ ഭൂട്ടാനെ 4–-1ന് തകർത്ത് ലെബനൻ ഏറെക്കുറെ സെമി ഉറപ്പാക്കി. മാലദ്വീപിനെ തോൽപ്പിച്ച ബംഗ്ലാദേശും പ്രതീക്ഷ നിലനിർത്തി (3–-1).ഇതുവരെയുള്ളതിൽവച്ച് കടുത്ത പോരാട്ടമാണ് ഇന്ന് ഇന്ത്യക്ക്. അവസാന എട്ട് മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ കുതിച്ച ഇഗർ സ്റ്റിമച്ചിന്റെ സംഘം കുവൈത്തിനോട് മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. 2010നുശേഷം ആദ്യമായാണ് ഇരുടീമുകളും മുഖാമുഖമെത്തുന്നത്.
പ്രതിരോധമാണ് ഇന്ത്യയുടെ ശക്തി. പ്രീതം കോട്ടൽ, മെഹ്താബ് സിങ്, സന്ദേശ് ജിങ്കൻ, രാഹുൽ ബെക്കെ, ആകാശ് മിശ്ര, നിഖിൽ പൂജാരി തുടങ്ങിയ പ്രതിരോധ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാൽ, മികവ് മധ്യനിരയിലും മുന്നേറ്റത്തിലും മെച്ചപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും കുവൈത്തിനെപ്പോലുള്ള കരുത്തുറ്റ ടീമിനോട്. ഗോളടിയുടെ ഭാരം ഇപ്പോഴും മുപ്പത്തെട്ടുകാരനായ സുനിൽ ഛേത്രിയുടെ ചുമലിലാണ്. രണ്ട് കളിയിൽ നാല് ഗോളാണ് സമ്പാദ്യം. പാകിസ്ഥാനെതിരെ ഹാട്രിക് നേടി.
നേപ്പാളിനെതിരെ കളിയുടെ മുക്കാൽസമയവും ഗോൾ കണ്ടെത്താനാകാതെ ഇന്ത്യൻനിര വിഷമിക്കുകയായിരുന്നു. സഹൽ അബ്ദുൾ സമദ്, ലല്ലിയൻസുവാലെ ചങ്തെ, മഹേഷ് സിങ് എന്നിവരിലാണ് മറ്റ് പ്രതീക്ഷകൾ. ആഫ്രിക്കൻ ടീമുകളുമായി കളിച്ചാണ് കുവൈത്ത് ഇന്ത്യയിലെത്തിയത്. ഇവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടെന്ന് കുവൈത്ത് പരിശീലകൻ റൂയ് ബെന്റോ പറഞ്ഞു. ആദ്യ കളിയിൽ നേപ്പാളിനെ 3–-1ന് തോൽപ്പിച്ച കുവൈത്ത് രണ്ടാംമത്സരത്തിൽ പാകിസ്ഥാനെ 4–-0ന് തകർത്തു.
ഗ്രൂപ്പ് ബിയിൽ തുടർച്ചയായ രണ്ടാംജയമാണ് ലെബനൻ നേടിയത്. ഭൂട്ടാനെതിരെ മുഹമ്മദ് സാദെക്, അലി അൽ ഹജ്, ഖലീൽ ബാദെർ, മഹ്ദി സെയ്ൻ എന്നിവർ ഗോളടിച്ചു. അവസാന മത്സരത്തിൽ നാളെ മാലദ്വീപുമായാണ് ലെബനന്റെ കളി.മൂന്നുവീതം പോയിന്റുള്ള ബംഗ്ലാദേശിനും മാലദ്വീപിനും സെമി പ്രതീക്ഷയുണ്ട്. ബംഗ്ലാദേശിന് അവസാന കളിയിൽ ഭൂട്ടാനാണ് എതിരാളികൾ.
ജൂലൈ ഒന്നാണ് സെമി മത്സരങ്ങൾ. നാലിന് ഫൈനൽ നടക്കും.