ബ്യൂണസ് ഐറിസ്
പിഎസ്ജിയിലെ കാണികളെ വിമർശിച്ച് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. അവർക്ക് അങ്ങനെ പെരുമാറാനേ കഴിയുകയുള്ളൂയെന്നും മെസി കുറ്റപ്പെടുത്തി. രണ്ടാംസീസണിന്റെ രണ്ടാംപകുതിയിലാണ് കാണികളുമായുള്ള ബന്ധം തകർന്നത്. പലപ്പോഴും മുപ്പത്താറുകാരനെ കൂകിവിളിച്ചു. വീടിന് സുരക്ഷ വർധിപ്പിക്കേണ്ടിവന്നു.
ഡിസംബറിൽ ലോകകപ്പ് ജയിച്ചുവന്നശേഷമായിരുന്നു കാണികളുടെ പെരുമാറ്റത്തിൽ മാറ്റംവന്നത്. എന്നാൽ, കാണികൾ അകന്നതിന്റെ കാരണങ്ങളിലൊന്ന് ലോകകപ്പാണോ എന്നറിയില്ലെന്ന് മെസി പറഞ്ഞു. ഫ്രാൻസിനെ തോൽപ്പിച്ചായിരുന്നു അർജന്റീനയുടെ കിരീടധാരണം.
പിഎസ്ജിയുമായുള്ള കരാർ അവസാനിപ്പിച്ചശേഷം അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിലേക്കാണ് അർജന്റീന ക്യാപ്റ്റൻ. ‘പിഎസ്ജിയിലെ തുടക്കം നല്ലതായിരുന്നു. മനോഹരമായ ഒരു കാര്യം ആരംഭിക്കുകയാണെന്ന് തോന്നി. എന്നാൽ, ചില ആളുകൾ എന്നോട് മോശമായി പെരുമാറാൻ തുടങ്ങി. കൂടുതൽപ്പേരും സ്നേഹം കാണിച്ചിരുന്നു. പക്ഷേ, അപ്പോഴേക്കും കാണികളും ഞാനുമായുള്ള ബന്ധം തകർന്നിരുന്നു. അവർ ഇതിനുമുമ്പ് കിലിയൻ എംബാപ്പെയോടും നെയ്മറോടും മോശമായി പെരുമാറിയിട്ടുണ്ട്. അവർക്ക് അങ്ങനെയെ പെരുമാറാൻ പറ്റുകയുള്ളൂവെന്നാണ് എനിക്ക് തോന്നിയത്–- മെസി വ്യക്തമാക്കി.
പാരിസിൽ കളത്തിലായാലും പുറത്തായാലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വളരെയധികം ബുദ്ധിമുട്ടിയെന്നും മുപ്പത്താറുകാരൻ പറഞ്ഞു.