മനാമ > തമ്പുകളുടെ നഗരിയായ മിനായിൽ തീർഥാടകരുടെ രാപാർപ്പോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കു തുടക്കമായി. 160 രാജ്യങ്ങളിൽനിന്നായി 20 ലക്ഷത്തിലധികം തീർഥാടകർ മിനായിൽ എത്തി. ചൊവ്വ പുലർച്ചെ പ്രഭാത നമസ്കാരാനന്തരം തീർഥാടകർ അറഫ സംഗമത്തിനായി അറഫ മൈതാനിയിലേക്ക് നീങ്ങും.
ഞായർ രാത്രി മുതൽ തീർഥാടകർ മിനായിലേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു. 25 ലക്ഷം ചതുരശ്രമീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വരയിൽ രണ്ടു ലക്ഷത്തോളം തമ്പുകളുണ്ട്. തിങ്കൾ ഉച്ചയോടെ മുഴുവൻ തീർഥാടകരും മിനായിൽ എത്തി പ്രാർഥനകളിൽ മുഴുകി. ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി മുസ്ദലിഫയിൽ അന്തിയുറങ്ങി തീർഥാടകർ ബുധനാഴ്ച മിനായിൽ തിരിച്ചെത്തും. ബുധനാഴ്ച ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കും.