തിരുവനന്തപുരം > അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ സന്ദേശവുമായി കേരള പൊലീസ്. അത്യന്തം അപകടകാരികളാണ് രാസലഹരി വസ്തുക്കളെന്നും ലഹരി സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങൾ നിരവധിയാണെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. 2023 ലെ ദിനാചരണത്തിൻറെ സന്ദേശം People first : Stop stigma and discrimination, strengthen prevention എന്നാണ്. ലഹരിക്ക് അടിമയായവരെയും അവരുടെ കുടുംബത്തെയും സഹാനുഭൂതിയോടെ കാണുകയും അവരോട് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിൽ വ്യാപകമായിട്ടുള്ള HIV , Hepatitis എന്നീ രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും വേണമെന്നും പൊലീസ് അറിയിച്ചു.
ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ പ്രവർത്തനമാണ് യോദ്ധാവ്. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ യോദ്ധാവ് – 99 95 96 66 66 എന്ന നമ്പരിലൂടെ പൊലീസിനെ അറിയിക്കാനും നിർദേശമുണ്ട്. ലഹരിയുടെ വിപത്തുകളെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനായി വീഡിയോ സന്ദേശവും പൊലീസ് പങ്കു വെച്ചിട്ടുണ്ട്.