കുവൈത്ത് സിറ്റി > കുവൈത്തിൽ മധ്യവേനൽ അവധിക്കൊപ്പം ബലിപെരുന്നാൾ അവധികൂടി എത്തിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്ക് അനുഭവപ്പെടുന്നതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മധ്യവേനൽ അവധിയോടനുബന്ധിച്ച് വിമാനത്താവളത്തിൽ നേരത്തെ തിരക്ക് അനുഭവപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലാണ് ബലി പെരുന്നാൾ അവധി വന്നതോടെ തിരക്ക് ഇരട്ടിയായത്.
തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, വിവിധ വകുപ്പുകളുമായി സഹകരിച്ച് ഏകോപനം നടത്തി വരികയാണെന്ന് ഡയറക്ടറേറ്റ് ഓഫ് ജനറൽ സിവിൽ ഏവിയേഷൻ,പ്ലാനിംഗ് ആൻഡ് പ്രൊജക്ട് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ഔദ്യോഗിക വക്താവുമായ സാദ് അൽ ഒതൈബി അറിയിച്ചു. ഇതിനു പുറമെ പാസ്പോർട്ട് കൗണ്ടറുകളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയും കൂടുതൽ ബാഗേജ് കൗണ്ടറുകൾ ഏർപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
ദുബായ്, കെയ്റോ, ജിദ്ദ, റിയാദ്, തുർക്കി, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ വിമാനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം യാത്രക്കാരോട് അഭ്യർത്ഥിച്ചു