കൽപ്പറ്റ
പച്ചപ്പണിഞ്ഞ് സഞ്ചാരികളെ ആകർഷിച്ച് നെല്ലാറച്ചാൽ. പരന്നുകിടക്കുന്ന കാരാപ്പുഴ അണക്കെട്ടിന്റെ തീരം കാത്തുവയ്ക്കുന്നത് നയനമനോഹര കാഴ്ചകൾ. ഒപ്പം ജലാശയത്തിന്റെ വശ്യതയും. ജലശേഖരത്തെ സുന്ദരിയാക്കി ആമ്പലുകളും പച്ചപ്പുൽമേടുകളും. കൊട്ടത്തോണിയിലെ മീൻപിടിത്തവും മലനിരകളുടെ വിദൂര ദൃശ്യങ്ങളും ഹൃദ്യമായ അനുഭവമാണ്. കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രമാണിപ്പോൾ നെല്ലാറച്ചാൽ. അവധിദിനങ്ങളിൽ കുടുംബങ്ങൾ ധാരാളമായി എത്തുന്നു. എത്രനേരം വേണമെങ്കിലും ചെലവഴിക്കാം.
സുന്ദര സായാഹ്നങ്ങൾ തേടി ജില്ലക്കകത്തും പുറത്തുനിന്നും നിരവധിപേർ എത്തും. പ്രകൃതിഭംഗി ആവോളം ആസ്വദിച്ചാണ് മടക്കം. ഇവിടെനിന്ന് അസ്തമയ സൂര്യന്റെ കാഴ്ച മനസ്സ് നിറക്കും. കുന്നിൻപരപ്പുകളിൽനിന്ന് കാരാപ്പുഴയുടെ ഭംഗി ഒപ്പിയെടുക്കാം. ദൃശ്യങ്ങൾ ഇവിടെനിന്നുതന്നെ ക്യാൻവാസുകളിൽ ചാലിക്കുന്നവരുമുണ്ട്. വീഡിയോയും ഫോട്ടോയുമെടുക്കാൻ എത്തുന്നവർ നിരവധി. സമൂഹമാധ്യമങ്ങളിൽ നെല്ലറച്ചാൽ ഹിറ്റാണ്. പ്രദേശത്തിന്റെ ഭംഗി സോഷ്യൽ മീഡിയകളിൽ നിറയെയുണ്ട്. വൈകിട്ടാണ് കൂടുതൽപേരെത്തുന്നത്. ആഴ്ചാവസാനങ്ങളിൽ തിരക്കേറും. സമീപത്തെ കുന്നുകളിൽ നിന്നാൽ കാരാപ്പുഴ അണക്കെട്ടിന്റെ മുൻവശവും വ്യക്തമായി കാണാം. വിശാലമായ പ്രദേശമായതിനാൽ വാഹന പാർക്കിങ്ങിനും തടസ്സമില്ല.
ജില്ലയിലെ ഔദ്യോഗിക ടൂറിസം കേന്ദ്രമല്ല നെല്ലറച്ചാൽ. സഞ്ചാരികൾക്ക് ഇവിടെയെത്തുന്നതിന് ഇതൊന്നും തടസ്സമല്ല. അവധി ദിനങ്ങളിലും കൂടുതലാളുകൾ എത്തുന്ന ദിവസങ്ങളിലും പൊലീസ് പരിശോധനയുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗമടക്കം പരിശോധിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണ്. വെള്ളത്തിനോട് ചേർന്നുവരെ സന്ദർശകർ പോകുന്നുണ്ട്. സുരക്ഷാ മാർഗങ്ങൾ ഇല്ലാത്തത് പോരായ്മയാണ്. അപകടത്തിനും സാധ്യതയുണ്ട്. കാരാപ്പുഴ ടൂറിസം പദ്ധതിയോട് നെല്ലാറച്ചാലും ചേർത്ത് പദ്ധതികൾ ആവിഷ്കരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കൽപ്പറ്റയിൽനിന്ന് മേപ്പാടി–-നെടുമ്പാല വഴിയും ദേശീയപാതയില് മീനങ്ങാടി 54ല്നിന്ന് തിരിഞ്ഞ് അമ്പലവയല് വഴിയും പോകാം. ബത്തേരിയിൽനിന്ന് കൊളഗപ്പാറ–-അമ്പലവയൽ വഴിയും പോകാം.