തൃശൂർ
ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരമായ സ്റ്റെയ്പ്–- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനം തിങ്കളാഴ്ച വിതരണം ചെയ്യും. തൃശൂർ പുഴയ്ക്കൽ ലുലു ഹയാത്ത് കൺവൻഷൻ സെന്ററിലാണ് മെഗാ ഇവന്റ്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഉപഹാരവുമടങ്ങുന്ന ദേശാഭിമാനി സാഹിത്യ പുരസ്കാരം ചടങ്ങിൽ പ്രൊഫ. എം കെ സാനുവിന് സമ്മാനിക്കും. വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അക്ഷരമുറ്റം ഗുഡ്വിൽ അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയാകും. തുടർന്ന് റിമി ടോമിയും സംഘവും നയിക്കുന്ന ഗാനമേളയും നിരവധി കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റും അരങ്ങേറും.
മോഹൻലാലിന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉപഹാരം സമ്മാനിക്കും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവർ പങ്കെടുക്കും. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് സ്വാഗതം പറയും. ടാൽ റോപ്പിന്റെ എഡ് ടെക് സ്ഥാപനമായ സ്റ്റെയ്പ് ആണ് അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ടൈറ്റിൽ സ്പോൺസർ. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ് പ്രധാന സ്പോൺസറാണ്. മൈജി, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ലിമിറ്റഡ്, വെൻകോബ് ചിക്കൻ എന്നിവർ സ്പോൺസർമാരും പിഎസ്കെ ഡ്രീം ദെം, ഐസിസിഎസ് കോളേജ് എന്നിവ ഇവന്റ് സ്പോൺസർമാരുമാണ്. പ്രവേശന പാസ് ദേശാഭിമാനി തൃശൂർ ഓഫീസിൽനിന്ന് ലഭിക്കും.
തൃശൂർ വേദിയൊരുക്കുന്നത് മൂന്നാംതവണ
വേണു കെ ആലത്തൂർ
ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ സ്റ്റെയ്പ്–- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിലെ സംസ്ഥാന മത്സരവിജയികൾക്കുള്ള സമ്മാന വിതരണം അവിസ്മരണീയമാക്കാൻ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമൊരുങ്ങി. 2012 മുതലാണ് അക്ഷരമുറ്റം ക്വിസ് സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിക്കാൻ തുടങ്ങിയത്. അന്ന് സംസ്ഥാന മത്സരവും സമ്മാനവിതരണവും മെഗാ ഇവന്റായി ആദ്യമായി ആഘോഷിച്ചത് തൃശൂരിലായിരുന്നു. അതിനുശേഷം ഓരോ ജില്ലയിലും ആഘോഷനിറവിലായിരുന്നു സമ്മാനവിതരണം. കോവിഡ് കാലത്ത് ഒരുവർഷം ഇടവിട്ടു. സംസ്ഥാന മെഗാ ഇവന്റിന് മൂന്നാം തവണയാണ് തൃശൂർ വേദിയാകുന്നത്. രണ്ടു തവണയും തേക്കിൻകാട് മൈതാനിയിലാണ് ആവേശകരമായ സംഗീതവിരുന്നോടെ സമ്മാനവിതരണം നടന്നത്. അന്നുമുതൽ ഇന്നുവരെ അക്ഷരമുറ്റം ഗുഡ്വിൽ അംബാസഡർ കൂടിയായ മോഹൻലാൽ പരിപാടിയുടെ ഭാഗമായിരുന്നു. ഇത്തവണ തൃശൂരിലെ പുഴയ്ക്കൽ ലുലു ഹയാത്ത് കൺവൻഷൻ സെന്ററിലാണ് സമ്മാന വിതരണവും ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണവും.
11–-ാം വർഷത്തിലേക്ക് പ്രവേശിച്ച അക്ഷരമുറ്റം ഈ വർഷം മുതൽ സാഹിത്യമത്സരങ്ങളും ഉൾപ്പെടുത്തിയാണ് ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സമ്മാന ഘടനയിലും ഇത്തവണ വലിയ മാറ്റമുണ്ട്. ഒന്നാം സ്ഥാനക്കാരായ ടീമിന് രണ്ടു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരുലക്ഷവുമാണ് സമ്മാനത്തുക. എൽപി മുതൽ ഹയർസെക്കൻഡറിവരെയുള്ള നാല് വിഭാഗങ്ങളിലായി 16 പേർക്കാണ് സമ്മാനം. സാഹിത്യ മത്സരവിജയികളായ ഒന്നാം സ്ഥാനക്കാരന് 50,000 രൂപയും രണ്ടാംസ്ഥാനക്കാരന് 25,000 രൂപയുമാണ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കുമാത്രമാണ് സാഹിത്യമത്സരം.
സംഗീതവിരുന്നും മെഗാ ഇവന്റും തിങ്കൾ വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അക്ഷരമുറ്റം ഗുഡ്വിൽ അംബാസഡർ മോഹൻലാൽ പങ്കെടുക്കും. ചടങ്ങിനുശേഷം റിമി ടോമിയും സംഘവും നയിക്കുന്ന ഗാനമേളയും നിരവധി കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റും അരങ്ങേറും. ഈ വർഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്കാരം ഗുരുശ്രേഷ്ഠൻ പ്രൊഫ. എം കെ സാനുവിന് ചടങ്ങിൽ സമ്മാനിക്കും. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.