മാവേലിക്കര
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ മുങ്ങിയ സ്ത്രീ 27 വർഷത്തിനുശേഷം പിടിയിൽ. അറുനൂറ്റിമംഗലം ബിജുഭവനിൽ (പുത്തൻവേലിൽ ഹൗസ്) റെജി (അച്ചാമ്മ–-51)യാണ് പിടിയിലായത്. ചേർത്തല ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ മാവേലിക്കര സ്പെഷ്യൽ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച മാവേലിക്കര കോടതിയിൽ ഹാജരാക്കും. കാടുവെട്ടിവിള വീട്ടിൽ മിനി രാജു എന്ന പേരിൽ എറണാകുളം കോതമംഗലത്തിനടുത്ത് അടിവാട് താമസിക്കുകയായിരുന്ന റെജിയെ ശനി വൈകിട്ടാണ് മാവേലിക്കര പൊലീസ് പിടികൂടിയത്.
1990 ഫെബ്രുവരി 21ന് മാവേലിക്കര മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) യെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. മൂന്നര പവന്റെ താലിമാലയും ചെവി അറുത്തുമാറ്റി കമ്മലും അപഹരിച്ചു. പാപ്പച്ചന്റെ അകന്ന ബന്ധുവിന്റെ മകളാണ് റെജി. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബാംഗമായതിനാൽ റെജിയെ പാപ്പച്ചൻ സ്വന്തം വീട്ടിൽ നിർത്തുകയായിരുന്നു. മകളെപ്പോലെ മറിയാമ്മ വളർത്തിയ റെജിയാണ് പ്രതിയെന്ന് ആരും കരുതിയില്ലെങ്കിലും പൊലീസ് അന്വേഷണത്തിൽ അറസ്റ്റിലായി. 1993ൽ മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടു. പ്രോസിക്യൂഷന്റെ അപ്പീലിൽ 1996 സെപ്തംബർ 11ന് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിധിവന്നയുടൻ റെജി മുങ്ങി. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും പിടികിട്ടിയില്ല.
വർഷങ്ങൾക്ക് ശേഷം മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- 2 ജഡ്ജി കെ എൻ അജിത് കുമാർ വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ഇതിനിടെ റെജി കോവിഡ് ബാധിച്ചുമരിച്ചെന്ന പ്രചാരണമുണ്ടായെങ്കിലും വിവരങ്ങൾ പരിശോധിച്ച് ഇത് ശരിയല്ലെന്ന് ഉറപ്പിച്ചു. ഒളിവിൽ പോകുന്നതിന് മുമ്പും ശേഷവും കോട്ടയം അയ്മനത്തും ചുങ്കത്തും മിനി എന്ന പേരിൽ വീട്ടുജോലി ചെയ്തിരുന്നതായും തമിഴ്നാട് തക്കല സ്വദേശിയെ വിവാഹം കഴിച്ചെന്നും അന്വേഷകസംഘം മനസ്സിലാക്കി. തുടർന്നാണ് ഇവരെ പിടികൂടിയത്.
20 വർഷത്തിലേറെയായി ഇവർ അടിവാടിൽ താമസമായിട്ട്. ഭർത്താവും രണ്ട് ആൺമക്കളുമുണ്ട്. ഇതിൽ ഒരാൾ വിദേശത്താണ്. അഞ്ചു വർഷമായി റെജി ഇവിടെ തുണിക്കടയിൽ സെയിൽസ് ഗേളായിരുന്നു. മാവേലിക്കര എസ്എച്ച്ഒ സി ശ്രീജിത്ത്, എസ്ഐ സി പ്രഹ്ലാദൻ. എസ്സിപിഒമാരായ ബിജു മുഹമ്മദ്, എൻ എസ് സുഭാഷ്, സജുമോൾ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, അരുൺ ഭാസ്കർ, സിപിഒ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
മിനിയുടെ അറസ്റ്റ്
വിശ്വസിക്കാനാകാതെ അടിവാട്
സ്ഥിരം കാണുകയും സൗമ്യമായി പെരുമാറുകയും ചെയ്തിരുന്ന മിനി രാജുവിന്റെ അറസ്റ്റ് വിശ്വസിക്കാനാകാതെ അടിവാട് നിവാസികൾ. 27 വർഷമായി റെജി എന്ന അച്ചാമ്മ പേരുമാറ്റിയാണ് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് താമസിച്ചിരുന്നത്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചതിനെ തുടർന്നാണ് ഇവർ ഇങ്ങനെ താമസിക്കുന്നതെന്ന് ശനിയാഴ്ച രാത്രി മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ നാട്ടുകാർ അറിയുന്നത്.
മാവേലിക്കര മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മയെ (61) കഴുത്തറുത്ത് കൊലപ്പെടുത്തി ചെവി മുറിച്ച് കമ്മൽ എടുത്ത കേസിലെ പ്രതിയാണ് മിനി. അടിവാട് ഇത് അറിയുന്നത് ഞായറാഴ്ചയാണ്. ഇതോടെ ഇവർ താമസിക്കുന്ന കുഞ്ചാട്ട് പള്ളിക്കുസമീപമുള്ള വീട്ടുകാരും വ്യാപാരികളും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ്.
പ്രദേശത്ത് പല കടകളിലും സെയിൽസ് ഗേളായും ഓണഫണ്ട് പിരിവ് നടത്തിയും സാധാരണജീവിതം നയിച്ചിരുന്ന ഇവർ എല്ലാവരോടും മാന്യമായാണ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.















