തിരുവനന്തപുരം
കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക് കടക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. അതിന്റെ ഭാഗമാണ് കെ സുധാകരനെതിരായ കേസും അത് രൂപപ്പെടുത്തുന്നതിൽ കോൺഗ്രസിന്റെ പങ്കും. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് വൈകാതെ സുധാകരൻ തിരിച്ചറിയും.
അദ്ദേഹം രഹസ്യമായി പറഞ്ഞകാര്യം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചത് സന്തത സഹചാരിയായ യൂത്ത് കോൺഗ്രസ് നേതാവാണ്. പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസിൽ പരാതി നൽകിയത് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ്. നേരത്തേയുള്ള പരാതി അന്വേഷണ ഏജൻസി ഗൗരവമായി കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നിലവിലുള്ള നടപടി.
ദേശാഭിമാനിയെ മഞ്ഞപ്പത്രം എന്ന് പറഞ്ഞവർ നാളെ ദുഃഖിക്കേണ്ടിവരും. ഇടക്കാലത്തുണ്ടായ കോടതി വിധികളെല്ലാം സർക്കാരിനും മുഖ്യമന്ത്രിക്കും അനുകൂലമാണ്. അപവാദ പ്രചാരണത്തിന് നേതൃത്വം നൽകിയവർ മുഖ്യമന്ത്രിയോട് മാപ്പ് പറയണം. കള്ളപ്രചാരണം നടത്തിയ മാധ്യമങ്ങൾക്കും നല്ലപ്രഹരമാണ് ഹൈക്കോടതി നൽകിയതെന്നും എ കെ ബാലൻ പറഞ്ഞു.