ചിക്കാഗോ
കോൺകാകാഫ് ഗോൾഡ് കപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ അമേരിക്കയ്ക്ക് അടിതെറ്റി. ഉദ്ഘാടനമത്സരത്തിൽ ജമൈക്കയോട് 1–-1ന് കുരുങ്ങി. കളി തീരാൻ രണ്ടു മിനിറ്റുമാത്രം ബാക്കിനിൽക്കെ പകരക്കാരൻ ബ്രണ്ടൻ വാസ്ക്വസാണ് അമേരിക്കയെ തോൽവിയിൽനിന്ന് രക്ഷപ്പെടുത്തിയത്. 13–-ാംമിനിറ്റിൽ ഡാമിയൻ ലൊവെയുടെ ഹെഡ്ഡറിലൂടെയാണ് ജമൈക്ക മുന്നിലെത്തിയത്. പിന്നാലെ പെനൽറ്റിയിലൂടെ ലീഡുയർത്താനുള്ള അവസരമുണ്ടായിട്ടും സാധിച്ചില്ല.
എവർട്ടൺ മുന്നേറ്റക്കാരനായ ലിയോൺ ബെയ്ലിയുടെ കിക്ക് അമേരിക്കൻ ഗോൾകീപ്പർ മാറ്റ് ടർണർ തട്ടിയകറ്റി. പ്രധാന കളിക്കാർക്ക് വിശ്രമം അനുവദിച്ചാണ് അമേരിക്ക കളിക്കിറങ്ങിയത്. നാലു ഗ്രൂപ്പിൽ 16 ടീമുകളാണ് ഗോൾഡ് കപ്പിൽ. അമേരിക്കയാണ് വേദി. ഖത്തർ അതിഥിരാജ്യമായി കളിക്കുന്നുണ്ട്.















