ലണ്ടൻ
വെസ്റ്റ്ഹാം യുണൈറ്റഡ് ക്യാപ്റ്റൻ ഡെക്ലൻ റൈസിനായി അഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ. താരകൈമാറ്റ വിപണിയിൽ മധ്യനിരക്കാരനായി ഇരു ക്ലബ്ബുകളും വിലപറഞ്ഞുകഴിഞ്ഞു. 938 കോടി രൂപയാണ് റൈസിനായി വെസ്റ്റ്ഹാം ആവശ്യപ്പെടുന്നത്. ജൂഡ് ബെല്ലിങ്ഹാമും ജാക്ക് ഗ്രീലിഷും കഴിഞ്ഞാൽ ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും പ്രതിഫലം പറ്റുന്ന കളിക്കാരനായി മാറാനൊരുങ്ങുകയാണ് ഇരുപത്തിനാലുകാരൻ.
സീസണിന്റെ അവസാനംതൊട്ട് റൈസിനായി അഴ്സണൽ രംഗത്തുണ്ട്. ഇതുവരെയും രണ്ടുതവണ വെസ്റ്റ്ഹാമിനുമുന്നിൽ ഔദ്യോഗിക ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. എന്നാൽ, രണ്ടും ക്ലബ് തള്ളി. പ്രതിഫലം കൂട്ടണമെന്നാണ് ആവശ്യം. ഇതിനിടെ ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും ശ്രമം നടത്തിയിരുന്നു. വേഗം പിന്മാറുകയും ചെയ്തു. ക്യാപ്റ്റൻ ഇകായ് ഗുൺഡോവൻ പടിയിറങ്ങിയതും മധ്യനിരയിലെ മറ്റൊരു വിശ്വസ്തൻ ബെർണാർഡോ സിൽവ ടീം വിടുമെന്ന് ഉറപ്പായതോടെയുംകൂടിയാണ് സിറ്റി റൈസിൽ നോട്ടമിട്ടത്. ഇതോടെ ഇംഗ്ലീഷുകാരന്റെ മൂല്യം വീണ്ടും ഉയർന്നു. വെസ്റ്റ്ഹാമും വിടുതൽ തുക കൂട്ടി. റൈസിന്റെ തീരുമാനമാകും ഇനി നിർണായകമാകുക. പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്ന അഴ്സണലോ അതോ നിലവിലെ ഏറ്റവും മികച്ച ചാമ്പ്യൻ ക്ലബ്ബായ സിറ്റിയാണോ തെരഞ്ഞെടുക്കേണ്ടത് എന്ന് മധ്യനിരക്കാരന് തീരുമാനിക്കാം. അഴ്സണൽ പരിശീലകൻ മൈക്കേൽ അർടേറ്റ റൈസിനെ നേരിട്ടുകണ്ട് പദ്ധതികൾ വിശദീകരിച്ചുവെന്നാണ് വാർത്തകൾ.
ചെൽസിയുടെ അക്കാദമിയിൽനിന്നാണ് റൈസ് കളി തുടങ്ങിയത്. എന്നാൽ, മിടുക്കുപോരാ എന്നുപറഞ്ഞ് 2014ൽ ചെൽസി ഒഴിവാക്കി. പിന്നീട് വെസ്റ്റ്ഹാമിൽ എത്തി. 2017ൽ സീനിയർ അരങ്ങേറ്റം. 245 കളിയിലിറങ്ങി. ഇത്തവണ യൂറോപ കോൺഫറൻസ് ലീഗിൽ വെസ്റ്റ്ഹാമിനെ ചാമ്പ്യൻമാരാക്കി. അയർലൻഡിന്റെ ജൂനിയർ–-സീനിയർ ടീമുകൾക്കായാണ് ആദ്യമായി രാജ്യാന്തര കുപ്പായമിട്ടത്. 2019 മുതൽ ഇംഗ്ലണ്ട് ടീമിൽ പ്രധാനി. ഡിഫൻസീവ് മിഡ്ഫീൽഡറുടെ വേഷത്തിൽ മികച്ച പ്രകടനമാണ് റൈസ് നടത്തുന്നത്. എതിരാളിയുടെ ആക്രമണങ്ങൾ മുളയിലേ നുള്ളാനും പന്തിൽ ആധിപത്യം പുലർത്താനും മിടുക്കൻ.